കോട്ടയം: ക്‌നാനായ സഭാംഗത്തിന് പുറത്തുനിന്ന് വിവാഹം കഴിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി കോട്ടയം അതിരൂപത. 35 വര്‍ഷം നീണ്ട നിയമപോരാട്ടത്തില്‍ മജസ്‌ട്രേറ്റ് കോടതി മുതല്‍ സുപ്രീം കോടതി വരെ അനുകൂല വിധി പുറപ്പെടുവിച്ചിട്ടും പുറത്തുനിന്നുള്ള വിവാഹത്തിന് സഭ കുറി നല്‍കിയിരുന്നില്ല. എന്നാല്‍ ഇന്ന് സഭയ്ക്ക് പുറത്തുനിന്ന് വിവാഹം കഴിക്കാനുള്ള അനുമതിയുമായി കാസര്‍ഗോഡ് സ്വദേശി ചരിത്രം രചിച്ച് പുതിയ ജീവിതത്തിന് ഒരുങ്ങുകയാണ്.

ക്‌നാനായ സഭയ്ക്ക് പുറത്തുനിന്ന് വിവാഹം കഴിച്ചാല്‍ തലയുറയുടെ രക്തശുദ്ധി നഷ്ടപ്പെടുമെന്നും അതിനാല്‍ അത്തരം വിവാഹം കഴിക്കുന്നവര്‍ സ്വയം ഭ്രഷ്ട് സ്വീകരിച്ച് പുറത്തുപോകണമെന്നുമായിരുന്നു ഇതുവരെയുള്ള സമ്പ്രദായം. ഇതിനെതിരെ സഭയിലെ നവീകരണ പ്രസ്ഥാനമായ കെസിഎന്‍എസ് നടത്തി നിയമപോരാട്ടമാണ് സഭ മാറിയുള്ള വിവാഹത്തിന് അനുമതി നല്‍കാന്‍ ക്‌നാനായ നേതൃത്വത്തെ നിര്‍ബന്ധിതമാക്കിയത്. കുറി നല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യമടക്കമുള്ള നടപടികള്‍ അതിരൂപത നേരിടേണ്ടിവന്നേനെ.

കാസര്‍ഗോഡ് കൊട്ടോടി സ്വദേശി ജസ്റ്റിന്‍ ജോണ്‍ നാരമംഗലത്ത് ആണ് ക്‌നാനായ ഇടവക അംഗത്വം നിലനിര്‍ത്തി മറ്റൊരു രൂപതയില്‍ നിന്ന് വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്. സിറോ മലബാര്‍ സഭയിലെ തലശേരി അതിരൂപതാംഗമാണ് ജസ്റ്റിന്റെ ഭാവി വധു. ഇവരുടെ മനസ്സമ്മതം ഇന്ന് തലശേരി അതിരൂപതയിലെ പ്രതിശ്രുത വധുവിന്റെ പള്ളിയില്‍ വച്ച് നടന്നു. ജസ്റ്റി​ന്റെ ഇടവകയായ ​കൊട്ടോടി സെന്റ് ആന്‍സ് പള്ളിയാണ് വിവാഹക്കുറി നല്‍കിയത്.

ക്‌നാനായ സഭയിലെ പരമ്പരാഗത സ്വയം ഭ്രഷ്ട് സ്വീകരിക്കല്‍ സമ്പ്രാദായത്തിനെതിരെ (PLEK) കോട്ടയം അതിരൂപതാംഗമായ കിഴക്കേ നട്ടാശേരി ഇടവകാംഗം ബിജു ഉതുപ്പാണ് നിയമപോരാട്ടവുമായി ആദ്യം രംഗത്തുവന്നത്. 1989ല്‍ ആയിരുന്നു ബിജുവിന്റെ വിവാഹം. ബിജുവും ഭാര്യയും ക്‌നാനായ സഭാംഗങ്ങളായിരുന്നു. എന്നാല്‍ വിവാഹ കുറിയ്ക്കായി സഭാധികാരികളെ സമീപിച്ചപ്പോഴാണ് രക്തശുദ്ധി വാദം ഉയര്‍ത്തി കുറി നിഷേധിച്ചത്. ബിജു ഉതുപ്പിന്റെ മുത്തശ്ശി ലാറ്റിന്‍ സമുദായാംഗമാണെന്നും അതിനാല്‍ തലമുറയ്ക്ക് രക്തശുദ്ധി ഇല്ലെന്നുമുള്ള കാരണം പറഞ്ഞാണ് അന്ന് നിഷേധിച്ചത്.

കോട്ടയം അതിരൂപതയില്‍ നിന്ന് മാറി വിവാഹം കഴിച്ചവര്‍ ( മറ്റ് കത്തോലിക്കാ വിഭാഗങ്ങളില്‍ നിന്നാണെങ്കിലും) സമാനമായ സ്വയം പ്രഖ്യാപിത ഭ്രഷ്ട് നേരിട്ടിരുന്നു. സഭയില്‍ നിന്നുള്ള ഭ്രഷ്ട് ഭയന്ന് വിവാഹം പോലും ഉപേക്ഷിക്കേണ്ടിവന്നവര്‍ നിരവധിയുണ്ട്. ഇതിനെതിരെയാണ് കെസിഎന്‍എസ് സുപ്രീം കോടതിവരെ പോരാട്ടം നടത്തി വിജയം കണ്ടതും.