ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ ഗെയിമിങിന് നിയന്ത്രണങ്ങളേര്‍പ്പെടുത്തി കേന്ദ്രം. വാതുവെപ്പ് ,ചൂതാട്ടം ,എന്നിവ നടത്തുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ പൂര്‍ണമായും നിരോധിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രാലയം അറിയിച്ചു. പതിനെട്ടുവയസ്സില്‍ താഴെ പ്രായമുളള കുട്ടികള്‍ക്ക് ഗെയിം കളിക്കണമെങ്കില്‍ രക്ഷിതാക്കളുടെ അനുമതി വേണമെന്ന വ്യവസ്ഥയും ചട്ടത്തിലുണ്ട്. ഇതുമായി ബന്ധപ്പെട്ട കരടുനയം പുറത്തിറക്കിയത്.
രാജ്യത്താദ്യമാണ് ഓണ്‍ലൈന്‍ ഗെമിയുകള്ക്ക് നിയന്ത്രണം കൊണ്ടുവരുന്നത്. ഏതെല്ലാം ഓണ്‍ലൈന്‍ ഗെയിമുകളാണ് അനുവദനീയമെന്ന് തീരുമാനിക്കുന്ന ചുമതല എസ്ആര്‍ ഒ കള്‍ക്കായിരിക്കും. വാതുവെപ്പ് നടത്തുന്നുണ്ടോ ഇല്ലയോ എന്നതായിരിക്കും ഇതിന്റെ മാനദണ്ഡം .
മനഃശാസ്ത്ര വിദഗ്ധര്‍ ,ശിശു വിദഗ്ധര്‍ , വ്യവസായ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സ്വയം നിയന്ത്രിത സംവിധാനമാണ് (എസ് ആര് ഒ) കാര്യങ്ങള്‍ നിയന്ത്രിക്കുക. പുതിയ നയങ്ങള്‍ പാലിക്കാത്ത ഗെയിമിങ് സ്ഥാപനങ്ങള്‍ക്ക് സേഫ് ഹാര്‍ബാര്‍ പരിരക്ഷ നഷ്ടപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ പണം നിക്ഷേപിച്ച് കളിക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കുമാത്രമാണ് നിയന്ത്രണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആദ്യം വെറുതെ ഒരു നേരംപോക്കിന് കളിച്ചുതുടങ്ങും പിന്നെ അതൊരു ശീലമാകുന്നത് ഓൺലൈൻ ഗെയിമുകൾ അപകടമായി മാറും. കുട്ടികളുടെ മാനസികനിലയുടെ താളം തെറ്റിക്കാനും ഇത്തരം അഡിക്ഷൻ കാരണമാകുന്നു.
കുട്ടികളുടെ ചിന്തകളെ ഇവ സ്വാധീനിക്കുന്നത് മാത്രമല്ല, കുട്ടികളിൽ ദേഷ്യവും വാശിയും കൂട്ടുകയും ചെയ്യുന്നു. പഠനത്തിലുള്ള ശ്രദ്ധ കുറയുന്നു. തലവേദന, കഴുത്തു വേദന, കണ്ണിനുണ്ടാകുന്ന കുഴപ്പങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചുറ്റുമുള്ളവരുമായി അടുപ്പം കുറയുന്നു. ക്രമേണ കുട്ടികൾ വിഷാദത്തിലേക്ക് വഴുതിവീഴുന്നു. കുട്ടികളുടെ മാനസിക സമ്മർദം ലഘൂകരിക്കാൻ കേരള പോലീസിന്റെ ‘ചിരി’ പദ്ധതിയുടെ ഹെൽപ്ലൈനിലേക്ക് വിളിക്കാം : 9497900200.



