പട്ന: ബിഹാറിലെ പട്നയിൽ ദലിത് യുവതിയുടെ മുഖത്ത് മൂത്രമൊഴിച്ച്, വിവസ്ത്രയാക്കി പണമിടപാടുകാരനും പങ്കാളികളും. കടം വാങ്ങിയ പണം തിരികെയടച്ചിട്ടും പ്രതി തന്നെ അധിക പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണെന്ന് ചൂണ്ടിക്കാട്ടി യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ പ്രകോപിതനായാണ് പ്രതി യുവതിയെ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. യുവതി ചികിത്സയിലാണ്.
ഖുസ്റുപുർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പണമിടപാടുകാരനായ പ്രമോദ് സിങ്ങും അദ്ദേഹത്തിന്‍റെ മകൻ അൻഷു സിങ്ങുമാണ് ദലിത് യുവതിക്കെതിരായ അതിക്രമം നടത്തിയത്. പൊലീസ് സംഘം അന്വേഷണത്തിനെത്തി പോയതിന് പിന്നാലെ പ്രമോദ് യുവതിയെ ബലമായി അയാളുടെ വീട്ടിലേക്ക് കൊണ്ടുപോയ ശേഷം മർദിക്കുകയായിരുന്നു. കൈകൊണ്ടും വടി കൊണ്ടും യുവതിയെ പ്രതികൾ മർദിച്ച ശേഷം പ്രമോദ് മകനോട് അൻഷു സിങ്ങിനോട് വായിൽ മൂത്രമൊഴിക്കാൻ നിർദേശിക്കുകയായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു.
സംഭവത്തിൽ പൊലീസ് കേസെടുത്തതോടെ ഇരുവരും ഒളിവിലാണ്.
മാസങ്ങൾക്ക് മുമ്പാണ് പ്രതിയായ പ്രമോദ് സിങ്ങിൽ നിന്നും യുവതിയുടെ ഭർത്താവ് 1500രൂപ കടം വാങ്ങിയത്. ഇത് പലിശ സഹിതം തിരികെ നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇയാൾ വീണ്ടും പണം ആവശ്യപ്പെട്ടെന്നും ഇത് സംബന്ധിച്ച് തങ്ങളെ ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. പണം നൽകിയില്ലെങ്കിൽ യുവതിയെ നഗ്നയാക്കി പൊതുമധ്യത്തിലൂടെ നടത്തുമെന്നും ഇയാൾ ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.



