കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നായികയാണ് മോക്ഷ. ഇപ്പോഴിതാ ചോറ്റാനിക്കര ക്ഷേത്രത്തിൽ ദർശനം നടത്താനെത്തിയ നടിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ദർശനം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് ആനയെ കാണുന്നത്. ആനയെ കണ്ട കൗതുകത്തിൽ അടുത്തുനിന്നു ഫോട്ടോ എടുക്കണമെന്ന ആഗ്രഹം നടി പ്രകടിപ്പിച്ചു.

പേടി കാരണം കുറച്ചുമാറി നിന്നാണ് മോക്ഷ ഫോട്ടോ എടുത്തത്. ഇതിനിടെ ആന പാപ്പാൻ തോട്ടിയെടുത്ത് നടിയെ തോണ്ടി വിളിച്ചു. തോണ്ടുന്നത് ആനയാണെന്ന് വിചാരിച്ച മോക്ഷ പേടിച്ചു വിറച്ചുപോയി. ആനയുടെ അരികിൽ വന്ന് നിന്നു ഫോട്ടോ എടുത്തുകൊള്ളൂ എന്നു പറയാൻ വേണ്ടിയായിരുന്നു പാപ്പാൻ തോണ്ടി വിളിച്ചത്. പിന്നീട് മോക്ഷ തന്നെ ആനയുടെ അരികിലെത്തി ഫോട്ടോയ്ക്കു പോസ് ചെയ്തു. ആനയെ തൊട്ടും തന്റേ പേടിമാറ്റി.

ബംഗാളി നടിയായ മോക്ഷയുടെ ആദ്യ മലയാള ചിത്രമാണ് കള്ളനും ഭഗവതിയും. റിങ്കോ ബാനർജി സംവിധാനം ചെയ്ത കർമ എന്ന ബംഗാളി സിനിമയിലൂടെ ശ്രദ്ധേയായി. ഒരു തമിഴ് സിനിമയിലും നാലു തെലുങ്കു സിനിമകളിലും അഭിനയിച്ചു. യഥാർഥ പേര് പ്രീത സെൻ ഗുപ്ത. തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ചു തുടങ്ങിയതോടെ ‘മോക്ഷ’ എന്ന പേര് സ്വീകരിക്കുകയായിരുന്നു.