ന്യൂയോര്‍ക്ക്: ഇന്നുമുതല്‍ നിലവില്‍ വരുന്ന തോക്ക് നിയന്ത്രണ നിയമത്തിനെതിരേ സമര്‍പ്പിച്ചിരുന്ന ഹര്‍ജികള്‍ തള്ളി. ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍ രഹസ്യമായി കൊണ്ടുനടക്കാവുന്ന തോക്കുകള്‍ നിരോധിക്കുന്ന പുതിയ നിയമം ശരിവച്ചു ഫെഡറല്‍ ജഡ്ജി. ദേശീയ തോക്കു നിര്‍മാണ-വ്യാപാര ലോബിയായിരുന്നു ന്യൂയോര്‍ക്ക് നോര്‍ത്തേണ്‍ ഡിസ്ട്രിക്ടില്‍ നിയമത്തെ ചോദ്യം ചെയ്തു ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

ഇന്നുമുതല്‍ പ്രാബല്യത്തിലാവുന്ന നിയമം സ്‌റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തെ ഫെഡറല്‍ ജഡ്ജ് ഗ്‌ളെന്‍ സുദാബി തള്ളി. ഹര്‍ജിക്കാരായ ഗണ്‍ ഓണേഴ്സ് ഓഫ് അമേരിക്ക (ജിഓഎ), ഗണ്‍ ഓണേഴ്സ് ഫൗണ്ടേഷന്‍ (ജിഓഎഫ്) എന്നിവയ്ക്കു കോടതിയില്‍ ഈ ആവശ്യം ഉന്നയിക്കാന്‍ അവകാശമില്ലെന്നു ജഡ്ജി പറഞ്ഞു.

തോക്കുലോബിയുടെ അടിസ്ഥാനമില്ലാത്ത ആക്രമണങ്ങളെ ചെറുത്തു തോല്‍പിച്ചെന്നു ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജെയിംസ് പ്രസ്താവനയില്‍ പറഞ്ഞു. ”രാജ്യമൊട്ടാകെ എല്ലാ സമൂഹങ്ങളും തോക്കുകൊണ്ടുള്ള ആക്രമണത്തിന്റെ ദുരിതം അനുഭവിക്കുമ്പോള്‍ ഈ തീരുമാനം ന്യുയോര്‍ക്കിലെ ജനങ്ങളെ സംരക്ഷിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ വിജയമായി. ന്യൂയോര്‍ക്കിലെ ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടിയുള്ള പോരാട്ടം ഞങ്ങള്‍ തുടരും.”

ജിഓഎയും ജിഓഎഫും യുഎസ് സെക്കന്‍ഡ് സര്‍ക്യൂട് കോടതിയില്‍ അപ്പീല്‍ പോകാന്‍ സാധ്യതയുണ്ട്. കോടതിയുടെ വിധിതീര്‍പ്പിനെ ഗവര്‍ണര്‍ കാത്തി ഹോക്കല്‍ സ്വാഗതം ചെയ്തു. ”ഇതു നീതിപൂര്‍വമായ തീരുമാനമാണ്. നമ്മുടെ ഊര്‍ജിതമായ തോക്കുനിയമങ്ങള്‍ ഉദ്ദേശിച്ചപോലെ ഇന്നുമുതല്‍ പ്രാബല്യത്തിലാവുകയാണ്.”

രഹസ്യമായി കൊണ്ടുനടക്കാവുന്ന ആയുധങ്ങള്‍ നിയന്ത്രിക്കുന്ന ന്യൂയോര്‍ക്കിന്റെ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീംകോടതി വിധി വന്ന ശേഷം ജൂലൈയിലാണ് പുതിയ നിയമത്തിനു ഹോക്കല്‍ മുന്‍കൈയെടുത്തത്.