സൗത്ത് കരോലെെന: ജോ ബെെഡന് അമേരിക്കൻ പ്രസിഡന്റാകാൻ അർഹതയില്ലെന്ന് യുഎൻ മുൻ അംബാസഡറും സൗത്ത് കരോലെെന ഗവർണറുമായ നിക്കി ഹേലി. തിങ്കളാഴ്ച രാജ്യത്തിന്റെ തെക്കൻ അതിർത്തി സന്ദർശിക്കുന്നതിനിടെയാണ് ഹേലിയുടെ പ്രതികരണം.
അതിർത്തി കടന്ന് അനധികൃത കുടിയേറ്റക്കാരെ വരാൻ നിങ്ങൾ അനുവദിക്കുന്നു. ഇത് ദേശീയ സുരക്ഷാ ഭീഷണിയാണ്. നിയമപാലകർക്ക് ഇത് നിയന്ത്രിക്കാനാകുന്നില്ല. അമേരിക്ക നിങ്ങളെ ഓർത്ത് ലജിക്കുന്നു ബൈഡൻ. നിങ്ങളുടെ ജോലി അമേരിക്കൻ ജനതയെ സംരക്ഷിക്കുക എന്നതാണ്. അത് നിങ്ങൾ ചെയ്യുന്നില്ല. നിങ്ങൾ പ്രസിഡന്റാകാൻ യോഗ്യനല്ലെന്നും ഹേലി പറഞ്ഞു.
മെക്സിക്കോയുമായുള്ള യുഎസ് അതിർത്തിയിൽ ടെക്സസിൽ 245 മൈൽ വ്യാപിച്ചുകിടക്കുന്ന ഡെൽ റിയോ സെക്ടറിന്റെ ഭാഗങ്ങളിൽ ഹേലി പര്യടനം നടത്തി. 9 9 തെക്കൻ അതിർത്തി സെക്ടറുകളിൽ അനധികൃത കുടിയേറ്റക്കാരുമായി ഏറ്റവുമധികം ഏറ്റുമുട്ടലുകൾ നടക്കുന്നത് ഡെൽ റിയോ സെക്ടറിലാണ്. ബോർഡർ പട്രോൾ 2022 സാമ്പത്തിക വർഷത്തിൽ ഡെൽ റിയോ സെക്ടറിൽ 480,931 അനധികൃത കുടിയേറ്റക്കാരെ നേരിട്ടു. ഈ സാമ്പത്തിക വർഷം ഇതുവരെ 224,000 ഏറ്റുമുട്ടലുകൾ ഉണ്ടായതായും ഹേലി പറഞ്ഞു.
ഇത് ടെക്സസിലെ ജനങ്ങൾക്ക് മാത്രമല്ല, ഓരോ അമേരിക്കൻ കുടുംബത്തിനും ഒരു പ്രതിസന്ധിയാണ്.പ്രസിഡന്റായി തഎരഞ്ഞെടുക്കപ്പെട്ടാൽ, അമേരിക്കയുടെ അതിർത്തികൾ സുരക്ഷിതമാക്കാൻ ഹേലി പ്രവർത്തിക്കുമെന്ന് ഹേലിയുടെ പ്രചാരണ പ്രസ് സെക്രട്ടറി കെൻ ഫർനാസോ പറഞ്ഞു.
2024-ൽ ഔദ്യോഗികമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഇതിനകം പ്രഖ്യാപിച്ച നാല് റിപ്പബ്ലിക്കൻമാരിൽ ഒരാളാണ് ഹേലി. മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനു പുറമേ, സംരംഭകനും ആക്ടിവിസ്റ്റായ വിവേക് രാമസ്വാമിയും മുൻ അർകൻസ ഗവർണർ ആസ ഹച്ചിൻസണുമാണ് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.



