ചൊവ്വയുടെ ചരിത്രവും ഗ്രഹത്തിലെ ജീവന്റെ തുടിപ്പുകളും തേടിയിറങ്ങിയ നാസയുടെ പെര്‍സിവിയറന്‍സ് മാർസ് റോവർ വീണ്ടും പുതിയ വിശേഷവുമായ എത്തിയിരിക്കുകയാണ്. ചൊവ്വയിൽ നിന്ന് റോവർ ശേഖരിച്ച അഞ്ചാമത്തെ സാമ്പിൾ ഗ്രഹത്തിന്റെ ഉപരിതലത്തിൽ നിക്ഷേപിച്ചതിന്റെ ചിത്രങ്ങൾ പുറത്തുവന്നു.
‘‘ഈ ട്യൂബിൽ മാഗ്മയിൽ നിന്ന് രൂപംകൊണ്ട പാറയിൽ നിന്നുള്ള ഒരു കോർ സാമ്പിളാണ്, പിന്നീട് വെള്ളത്താൽ അതിന് പലതവണ രൂപാന്തരമുണ്ടായി. ജീവന്റെ സാന്നിധ്യം ഉണ്ടായേക്കാവുന്ന ഈ പ്രദേശത്തിന്റെ ആദ്യകാല ചരിത്രം മനസ്സിലാക്കാൻ ഇത് ശാസ്ത്രജ്ഞരെ സഹായിക്കും’’ – ബഹിരാകാശ ഏജൻസി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
മാർസ് റോവറിന്റെ സമൂഹ മാധ്യമ പേജുകളിലൂടെയാണ് ചൊവ്വയിൽ നിന്നുള്ള ഏറ്റവും പുതിയ സാമ്പിൾ ശേഖരണത്തെ കുറിച്ച് നാസ വെളിപ്പെടുത്തിയത്. 2021 നവംബറിൽ ഇതുപോലെ ശേഖരിച്ച പാറയുടെ ഭാഗം റോവർ ഭൂമിയിലെത്തിച്ചിരുന്നു. അതിന്റെ ചിത്രങ്ങളും മാർസ് റോവർ ട്വീറ്റ് ചെയ്തിട്ടുണ്ട്.
നാസയുടെ ചൊവ്വ 2020 ദൗത്യത്തിന്റെ ഭാഗമായി ജെറ്റ് പ്രൊപൽഷൻ ലബോറട്ടറി നിർമ്മിച്ച പേടകമാണ് പെർസിവറൻസ്. പെർസി എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന റോവറിന് ഒരു കാറിന്റെ വലിപ്പമുണ്ട്. ചൊവ്വയിലെ ജസീറോ ഗർത്തത്തെ കുറിച്ച് പഠിക്കുന്നതിനായി 19 കാമറകളും രണ്ട് മൈക്രോഫോണുകളും ഏഴ് ശാസ്ത്രീയ ഉപകരണങ്ങളുമൊക്കെയായാണ് റോവറിന്റെ കറക്കം. ഇൻജെനൂയിറ്റി എന്ന ചൊവ്വാ ഹെലികോപ്റ്ററും അവനൊപ്പമുണ്ട്.
2020 ജൂലൈ 30-നാണ് റോവർ വിക്ഷേപിച്ചത്. 2021 ഫെബ്രുവരി 18ന് വിജയകരമായി ചൊവ്വയില ലാൻഡ് ചെയ്യുകയും ചെയ്തു. അതേസമയം, നാസയുടെ മാർസ് ദൗത്യത്തിൽ ഒരു ഇന്ത്യൻ സാന്നിധ്യവുമുണ്ട്. നാസയുടെ മാർസ് 2020 മിഷന്റെ മാർഗ്ഗനിർദ്ദേശം, നാവിഗേഷൻ, നിയന്ത്രണ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് നേതൃത്വം നൽകുന്നത് ഡോ. സ്വാതി മോഹനാണ്. ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമാണ് സ്വാതി.



