ചാറ്റ് ജിപിടിക്കെതിരെ ലോകത്തിലെ ആദ്യത്തെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാനൊരുങ്ങി ആസ്ട്രേലിയയിലെ ഹെപ്ബേൺ മേയർ ബ്രയാൻ ഹുഡ്. ഓപ്പൺ എഐയുടെ ആർട്ടിഫിഷ്യൽ ഇന്റ്ലിജൻസ് അധിഷ്ഠിത ചാറ്റ്ബോട്ടാണ് ചാറ്റ്ജിപിടി. മേയർക്കെതിരെ നടത്തിയ തെറ്റായ അവകാശവാദങ്ങൾ തിരുത്തണമെന്നും അല്ലാത്ത പക്ഷം ഓപൺ എഐ-ക്കെതിരെ കോടതി കയറുമെന്നുമാണ് മേയർ പറയുന്നത്.
കൈക്കൂലി കേസിൽ മേയർ ജയിൽ വാസം അനുഭവിച്ചിട്ടുണ്ടെന്നായിരുന്നു ചാറ്റ്ജിപിടിയുടെ വാദം. ഹെപ്‌ബേൺ ഷയറിന്റെ മേയറായി ബ്രയാൻ ഹുഡ് തിരഞ്ഞെടുക്കപ്പെട്ടത് ഇക്കഴിഞ്ഞ നവംബറിലാണ്. 2000-ത്തിന്റെ തുടക്ക സമയത്ത് റിസർവ് ബാങ്ക് ഓഫ് ആസ്‌ട്രേലിയയുടെ അനുബന്ധ സ്ഥാപനം ഉൾപ്പെട്ട ഒരു വിദേശ കൈക്കൂലി അഴിമതി കേസിൽ ബ്രയാൻ ഹുഡിനെ പ്രതിചേർത്തുവെന്നും അദ്ദേഹം ജയിൽ വാസമനുഭവിച്ചുമെന്ന തെറ്റായ വാദമാണ് ചാറ്റ് ജിപിടി പങ്കുവെച്ചത്. ചില ജനപ്രതിനിധികളാണ് ഇക്കാര്യം മേയറുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
അങ്ങനെയാണ് നിയമനടപടി സ്വീകരിക്കാന‍്‍ മേയർ തയ്യാറായതും. നോട്ട് പ്രിന്റിങ് ആസ്‌ട്രേലിയയുടെ സഹസ്ഥാപനത്തിന് വേണ്ടി ഹുഡ് ജോലി ചെയ്തിരുന്നു. കറൻസി പ്രിന്റിങ് കരാറുകൾ നേടുന്നത് സംബന്ധിച്ച് വിദേശ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നതിനെക്കുറിച്ച് അധികാരികളെ അറിയിച്ചത് ഹുഡായിരുന്നു. അദ്ദേഹത്തിനെതിരെ ആരോപിക്കും പോലെ കുറ്റങ്ങൾ ഒന്നും ചുമത്തപ്പെട്ടിട്ടില്ല എന്ന് മേയറുടെ അഭിഭാഷകൻ പറഞ്ഞു.



