ഇതൊരു നാൽപത്തിനാലുകാരന്റെ കഥയാണ്. എല്ലാം നഷ്ടപ്പെട്ട ഒരു ജനതയെ ഉയിർത്തെഴുന്നേൽപ്പിച്ച ഒരു മനുഷ്യന്റെ കഥ. മിശിഹപോലും നിരായുധനായി മടങ്ങിയിരുന്നു. ഇനി ആ ജനതയ്ക്ക് ഒരു തിരിച്ചുവരവില്ലെന്ന് പലരും വിധിയെഴുതി.ഒന്നിനും അവരെ തിരിച്ചുകൊണ്ടുവരാനായില്ല. ഒരു ഭൂതകാലത്തിനും അവരെ ഉയിർത്തെഴുന്നേൽപ്പിക്കാനായില്ല. ഒടുവിൽ കാൽപ്പനികതയെ കരയ്ക്കിരുത്തി പ്രായോഗികതയിലൂടെ വഞ്ചി തുഴഞ്ഞ് ലയണൽ സെബാസ്റ്റ്യൻ സ്കലോണി എന്ന നാൽപ്പത്തിനാലുകാരൻ അവരുടെ സ്വപ്നങ്ങളെ പുനർജ്ജനിപ്പിച്ചു. ഒടുക്കം ആ കനകക്കിരീടവും അയാൾ ആ ജനതയ്ക്ക് നേടിക്കൊടുത്തു.മൈതാനങ്ങളിൽ വീണ്ടും ആൽബിസെലസ്റ്റൻ തിരയിളക്കം.

നാല് വർഷം മുമ്പ് 2018-ലോകകപ്പിനെത്തുമ്പോൾ വെറും ശരാശരി നിലവാരമുളള ടീമായിരുന്നു അർജന്റീന. 2014 ലോകകപ്പ് ഫൈനലിലും പിന്നീട് തുടർച്ചയായി രണ്ട് തവണ കോപ്പ അമേരിക്ക ഫൈനലിലുമെത്തിയ അർജന്റീന നിരയായിരുന്നില്ല അപ്പോഴുണ്ടായിരുന്നത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും സൗഹൃദ മത്സരങ്ങളിലുമെല്ലാം ദയനീയമായി തകർന്നടിഞ്ഞ ടീം. യൂറോപ്യൻ ലീഗുകളിൽ മികവോടെ കളിക്കുന്ന താരങ്ങളുടെ അഭാവവും മിന്നും യുവതാരങ്ങൾ ഉയർന്നുവരാത്തതുമെല്ലാം ടീമിനെ സാരമായി ബാധിച്ചു. 2018 ലോകകപ്പിന് അർജന്റീന യോഗ്യത നേടുന്നതുപോലും അവസാന ഘട്ടത്തിലാണ്. 

സാംപോളി ടീമിന്റെ പരിശീലകകുപ്പായമണിയാൻ തുടങ്ങിയിട്ടും കളിയിൽ കാര്യമായ ചലനം സൃഷ്ടിക്കാനായില്ല. പലപ്പോഴും മെസ്സിയുടെ തോളിലേറിയാണ് ടീം പരാജയത്തിൽ നിന്ന് കരകയറിയിരുന്നത്. ഒരു സ്ഥിരം ഫോർമേഷനോ പൊസിഷനുകളിൽ തങ്ങളുടെ റോൾ ഭംഗിയായി നിർവഹിക്കാൻ കഴിയുന്ന കളിക്കാരോ വിരളമായിരുന്നു. അർജന്റീനിയൻ ലീഗുകളിൽ കളിക്കുന്ന താരങ്ങളായിരുന്നു ടീമിലധികവും. ലോകകപ്പിൽ പന്ത് തട്ടാനിറങ്ങിയ സംഘം പ്രീ-ക്വാർട്ടറിൽ ഫ്രാൻസിനോട് തോറ്റ് പുറത്തായി. തോൽവിയെത്തുടർന്ന് സാംപോളി പരിശീലകസ്ഥാനത്ത് നിന്നും പുറത്തായി. കോച്ചിങ് സ്റ്റാഫിലുണ്ടായിരുന്ന ലയണൽ സ്കലോണിയ്ക്ക് അർജന്റീനയെ പരിശീലിപ്പിക്കാനുളള ചുമതല വരുന്നതോടെയാണ് ടീം അടിമുടി മാറുന്നത്.

യൂറോപ്യൻ ലീഗുകളിൽ നിന്ന് കഴിവുളള താരങ്ങളെ കണ്ടെത്തിയ സ്കലോണി പുത്തൻ ടീമിനെ വാർത്തെടുത്തു. റോഡ്രിഗോ ഡി പോൾ, എമിലിയാനോ മാർട്ടിനസ്, ക്രിസ്റ്റ്യൻ റൊമേറോ, ലിസാൻഡ്രോ മാർട്ടിനസ്, ഗൈഡോ റോഡ്രിഗസ് തുടങ്ങിയവർ ടീമിലേക്ക് വന്നതോടെ അർജന്റീനയ്ക്ക് പുതിയ ഭാവം കൈവന്നു. മുന്നേറ്റത്തിൽ മെസ്സി പടനയിച്ചിറങ്ങുമ്പോൾ മധ്യനിരയിലെ നെടുംതൂണായി ഡി പോൾ ഉറച്ചുനിന്നു. പ്രതിരോധത്തിൽ ക്രിസ്റ്റിയൻ റോമേറോയും ഗോൾ ബാറിന് കീഴിൽ എമിലിയാനോ മാർട്ടിനസും. പഴയ അർജന്റീനിയൻ ശൈലിയെ കൈവെടിഞ്ഞ സ്കലോണി യൂറോപ്യൻ രീതികളുൾച്ചേർന്നാണ് തന്ത്രങ്ങളൊരുക്കിയത്. പ്രായോഗികതയാണ് സ്കലോണി ആധാരമാക്കിയത്. മത്സരങ്ങൾ എന്ത് വിലകൊടുത്തും ജയിക്കുക എന്നതായിരുന്നു ലക്ഷ്യം. അതിനായി ഓരോ കളിക്കാരേയും മാറ്റി മാറ്റി പരീക്ഷിച്ചു. 

എതിരാളികളെയെല്ലാം തകർത്തെറിഞ്ഞാണ് സ്കലോണിപ്പട 2021 കോപ്പയിൽ മുന്നേറിയത്. സ്വപ്നഫൈനലിൽ ചിരവൈരികളായ ബ്രസീലായിരുന്നു എതിരാളികൾ. സെമിഫൈനലിൽനിന്ന് അഞ്ച് മാറ്റങ്ങളോടെയാണ് അർജന്റീന ഫൈനലിൽ ബ്രസീലിനെ നേരിട്ടത്. ടൂർണമെന്റിലതുവരെ ആദ്യ പതിനൊന്നിലിടംപിടിക്കാതിരുന്ന എയ്ഞ്ചൽ ഡി മരിയയെ കൊണ്ടുവന്നതടക്കം തന്ത്രപരമായിരുന്നു സ്കലോണിയുടെ ഓരോ നീക്കങ്ങളും. ടൂർണമെന്റിലെ സാധ്യമായ എല്ലാ വ്യക്തിഗത ട്രോഫികളും കരസ്ഥമാക്കി രാജകീയമായാണ് സ്കലോണിപ്പട കിരീടത്തിൽ മുത്തമിട്ടത്.

രാജ്യത്തിനായി പിന്നീട് കളിച്ച ലോകകപ്പ് യോഗ്യത മത്സരങ്ങളിലും അർജന്റീന അപരാജിത കുതിപ്പ് തുടർന്നു. അതിനിടയിൽ വൻകരയിലെ ചാമ്പ്യൻമാരുടെ പോരാട്ടവും വന്നു. യൂറോ കപ്പ് ചാമ്പ്യൻമാരായ ഇറ്റലിയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് അർജന്റീന തകർത്തത്. ജയത്തേക്കാൾ അർജന്റീനയുടെ കളി കണ്ടാണ് കായികലോകം അത്ഭുതപ്പെട്ടത്. കളിയുടെ സർവ്വമേഖലകളിലും ആധിപത്യം പുലർത്തിയാണ് അർജന്റീന ഫൈനലിസ്സിമ ട്രോഫി നേടിയത്. അങ്ങനെയാണ് സ്കലോണിയും സംഘവും ഖത്തറിലെത്തുന്നത്.

ഖത്തറിലെ സ്കലോണി ‘മാജിക്’

അത് വരെയുള്ള എല്ലാ പ്രവചനങ്ങളും ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ചിന്നിച്ചിതറി. സൗദിക്കുമുന്നിൽ സ്കലോണിയും സംഘവും കളിമറന്നു. മധ്യനിരയിൽ കളി മെനഞ്ഞ് ഗോളടിക്കുന്ന സ്വതസിദ്ധമായ തന്റെ ശൈലി ഉപേക്ഷിക്കുന്ന സ്കലോണിയേയാണ് കാണാനായത്. 4-2-3-1 ശൈലിയിൽ ടീമിനെ ഇറക്കിയ സ്കലോണി മിഡ്ഫീൽഡർമാരെ വിദഗ്ദമായി ഉപയോഗിച്ചില്ല. മെസ്സിയുടെ നീക്കങ്ങൾക്കനുസരിച്ച് പാകപ്പെടുത്തിയ ടീമിനേയും കാണാനായില്ല. 

മൈതാനത്ത് പന്ത് കിട്ടിയപ്പോഴെല്ലാം ത്രൂ ബോളുകളിലൂടെയും ഹൈ ബോളുകളിലൂടേയും മാത്രം അവസരങ്ങൾ സൃഷ്ടിച്ചു. അങ്ങനെയായിരുന്നു സ്കലോണി തന്ത്രങ്ങൾ ഒരുക്കിയത്. മധ്യനിരയിൽ കളി മെനയാൻ ആരും മുതിർന്നില്ല. മൂന്ന തവണ അർജന്റീന അടിച്ച ഗോളുകൾ ഓഫ്സൈഡായിരുന്നു. കാരണം സൗദി ഒരുക്കിയ ഡിഫെൻസീഫ് ലൈൻ ഭേദിച്ചു മാത്രം മുന്നേറാനാണ് അർജന്റീന ശ്രമിച്ചത്. മറ്റൊരു തന്ത്രവും അയാൾ നടപ്പാക്കിയില്ല. 

തന്ത്രം പാളുമ്പോൾ മറുതന്ത്രമൊരുക്കുന്ന പ്രായോഗികതയെ വെളളവരയ്ക്ക് പുറത്തുതന്നെ പ്രതിഷ്ഠിച്ചു. സൗദിയുടെ കൗണ്ടർ അറ്റാക്കുകൾ തടയാൻ മറുമരുന്ന് കണ്ടുപിടിക്കാനാവാതെ അയാൾ ഉഴറി. കളിക്കാരുടെ തിരഞ്ഞെടുപ്പും മികച്ചതായിരുന്നില്ല. മാഞ്ചെസ്റ്റർ യുണൈറ്റഡ് ഡിഫെൻഡർ ലിസാൻഡ്രോ മാർട്ടിനസ്, ബ്രൈറ്റന്റെ മക് അലിസ്റ്റർ എന്നിവരെ ഒഴിവാക്കി. ഇടത് വിങ്ങിൽ കളിച്ച പപ്പു ഗോമസ് മികച്ച മുന്നേറ്റങ്ങളൊന്നും നടത്തിയില്ല. വലതു വിങ്ങിൽ മെസ്സക്ക് പകരം ഡി മരിയ മികച്ചു നിന്നു. പക്ഷേ മെസ്സിയുടെ പൊസിഷനിംഗ് പാളി. എല്ലാം കൊണ്ടും സ്കലോണിപ്പടയുടെ തന്ത്രങ്ങളെല്ലാം വിഫലമായി.

ജീവൻമരണപോരാട്ടമായിരുന്നു മെക്സിക്കോയുമായുള്ള രണ്ടാമത്തെ ഗ്രൂപ്പ് മത്സരം. ഇനി തോറ്റാൽ പുറത്തേക്കാണെന്ന ബോധ്യത്തിൽ കളിക്കാരേയും നടപ്പിലാക്കേണ്ട തന്ത്രങ്ങളേയും പുതുക്കിയാണ് അർജന്റീന മൈതാനത്തിറങ്ങിയത്. ശക്തമായ പ്രതിരോധമുള്ള ടീമുകളിലൊന്നാണ് മെക്സിക്കോ. പ്രതിരോധക്കോട്ടപ്പിളർന്നാലും ഗോൾബാറിന് കീഴിൽ അത്ഭുതം കാണിക്കുന്ന ഗ്വില്ലർമോ ഓച്ചാവോ എന്ന 13-ാം നമ്പറുകാരനുമുണ്ട്. പപ്പുവിനും പാരഡസിനും പകരം ഗൈഡോ റോഡ്രിഗസും അലെക്സിസ് മാക് അലിസ്റ്ററും മധ്യനിരയിലേക്കിറങ്ങി. 

ആദ്യ പകുതിയിൽ അർജന്റീന ശരാശരി നിലവാരത്തിനൊത്ത പ്രകടനം മാത്രമാണ് കാഴ്ചവെച്ചത്. വിരസമായ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിക്കുകയും ചെയ്തു. എന്നാൽ രണ്ടാം പകുതിയിൽ ജൂലിയൻ അൽവാരസും എൻസോ ഫെർണാണ്ടസും കളത്തിലിറങ്ങിയതോടെ കളി മാറി. മെസ്സി ആദ്യ ഗോളടിച്ചപ്പോൾ എൻസോ രണ്ടാമതും വലകുലുക്കി. അങ്ങനെയാണ് മെക്സിക്കൻ തിരമാലകൾ നിശബ്ദമാകുന്നത്. ജീവൻ തിരികെ പിടിച്ച് മെസ്സിപ്പട അടുത്ത മത്സരത്തിന് തയ്യാറെടുത്തു.

ഗ്രൂപ്പിലെ അവസാനമത്സരത്തിനിറങ്ങിയ അർജന്റീനയെ കാത്തുനിന്നത് പോളണ്ടിന്റെ ഇരട്ട പ്രതിരോധഭിത്തിയായിരുന്നു. ടീമിലെ പത്തോളം പേർ പെനാൽറ്റി ബോക്സിൽ കാവൽനിന്നു. മെസ്സിയും സംഘവും നിരന്തരം ആക്രമണങ്ങളുതിർത്തിട്ടും ആദ്യ പകുതി വലകുലുക്കാനായില്ല. മെസ്സിയുടെ പെനാൽറ്റി പോളണ്ട് ഗോൾകീപ്പർ ഷെസ്നി തട്ടിയകറ്റി. ആ പ്രതിരോധക്കോട്ട എങ്ങനെയാണ് അർജന്റീന പിളർക്കുകയെന്ന ആശങ്കകൾക്കുമുകളിൽ മാക് അലിസ്റ്റർ ആദ്യ വെടിയുതിർത്തു. പിന്നെ പോളണ്ടിന്റെ എല്ലാ പ്രതിരോധക്കോട്ടകളേയും ഉലച്ചുകൊണ്ട് മെസ്സിയും സംഘവും നിറഞ്ഞാടി. ജൂലിയൻ അൽവാരസ് രണ്ടാം ഗോളുമടിച്ച് അർജന്റീനയുടെ വിജയം ഉറപ്പാക്കി. ഒപ്പം പ്രീ ക്വാർട്ടർ ടിക്കറ്റും. 

ഓസ്ട്രേലിയയുമായുള്ള പ്രീ ക്വാർട്ടർ മത്സരമെത്തുമ്പോഴേക്കും അർജന്റീനയുടെ മധ്യനിര സുശക്തമായിരുന്നു. റോഡ്രിഗോ ഡി പോളും എൻസോയും അലെക്സിസ് മാക് അലിസ്റ്ററും മധ്യനിരയിലെ സ്ഥിരസാന്നിധ്യമായി. പരിക്കേറ്റ ഡി മരിയക്കുപകരം പപ്പു ഗോമസാണിറങ്ങിയത്. പ്രതിരോധക്കോട്ടകളെല്ലാം പൊളിച്ച് മെസ്സി മായാജാലം കാട്ടിയപ്പോൾ ഓസ്ട്രേലിയക്കും പിടിച്ചുനിൽക്കാനായില്ല. അൽവാരസ് രണ്ടാം ഗോളടിച്ച് കത്തിക്കയറി. ആധിപത്യത്തോടെയാണ് അർജന്റീന സോക്കറൂസിനെതിരേ കളിച്ചതും ജയിച്ചതും. 

എന്നാൽ ക്വാർട്ടറിൽ സ്കലോണി വീണ്ടും തന്ത്രം മാറ്റി. കരുത്തരായ ഡച്ച്പട അർജന്റീനയ്ക്ക് വലിയ വെല്ലുവിളിയുയർത്തുമെന്ന കണക്കുകൂട്ടലിൽ മൂന്ന് സെന്റർബാക്കുകളെ സ്കലോണി ടീമിലിറക്കി. ആക്രമണങ്ങളെ തടഞ്ഞുനിർത്താൻ ഒട്ടാമൻഡിയും റൊമേറോയും ലിസാൻഡ്രോയും ചേർന്ന് പ്രതിരോധപ്പൂട്ടിട്ടു. നെതർലൻഡ്സിന്റെ മധ്യനിരയും പ്രതിരോധവും മികച്ചതാണ്. മൈതാനത്ത് സ്കലോണിയും സംഘവും സ്കലോണിയുടെ നീക്കങ്ങളെയെല്ലാം വിഫലമാക്കി. മെസ്സിയുടെ മിന്നൽനീക്കങ്ങളും ചേർന്നപ്പോൾ രണ്ടുഗോളിന് അർജന്റീന മുന്നിട്ടുനിന്നു. 

എന്നാൽ അക്യൂനയേയും റൊമേറോയേയും പിൻവലിച്ചതോടെ അർജന്റീനയുടെ പ്രതിരോധത്തിൽ നെതർലൻഡ്സും വിള്ളലുകളുണ്ടാക്കി. രണ്ട് ഗോളുകൾ തിരിച്ചടിച്ച് കളി സമനിലയിലാക്കുകയും ചെയ്തു. പിന്നീട് അർജന്റീന ഡച്ച് ഗോൾമുഖം വിറപ്പിച്ചുകൊണ്ടേയിരുന്നു. പക്ഷേ പെനാൽറ്റി ഷൂട്ടൗട്ട് തന്നെ മത്സരത്തിന്റെ വിധിയെഴുതി. എമിലിയാനോ മാർട്ടിനസ് ഷൂട്ടൗട്ടിലെ ഹീറോയായപ്പോൾ അർജന്റീന സെമിയിലേക്ക് മുന്നേറി.

സെമിയിലും ക്രൊയേഷ്യയെ പഠിച്ചാണ് സ്കലോണി വന്നത്. ലോകത്തിലെ തന്നെ മികച്ച മധ്യനിരയുള്ള ടീമുകളിലൊന്നാണ് ക്രൊയേഷ്യ. ലൂക്ക മോഡ്രിച്ചും ബ്രൊസോവിച്ചും കൊവാസിച്ചും ഏത് പ്രതിരോധവും പിളർക്കാൻ പോന്നവരാണ്. ക്വാർട്ടറിൽ ബ്രസീലിനെതിരേ മോഡ്രിച്ചും സംഘവും കളം അടക്കിവാഴുന്നതാണ് കണ്ടത്. അതിനാൽ മികച്ചൊരു മധ്യനിരയെ കളത്തിലിറക്കാതെ മത്സരത്തിൽ ആധ്യപത്യം പുലർത്താനാകില്ലെന്ന വിലയിരുത്തലിൽ പാരഡസിനേയും മൈതാനത്തിറക്കിക്കൊണ്ട് നാല് മധ്യനിരതാരങ്ങളുമായാണ് അർജന്റീന കളിച്ചത്. 

ആദ്യം ക്രൊയേഷ്യയാണ് പന്തടക്കത്തിൽ ആധിപത്യം പുലർത്തിയത്. മധ്യനിരയിൽ മോഡ്രിച്ച് പതിവ് പ്രകടനം തുടർന്നതോടെ അർജന്റീന പ്രതിരോധത്തിലായി. പ്രതിരോധത്തിൽ അൽപ്പം വലിഞ്ഞാണ് മെസ്സിപ്പട കളിച്ചത്. എന്നാൽ പതിയെ പതിയെ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് അർജന്റീന കളം നിറഞ്ഞു. 34-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ മെസ്സി ആദ്യ ഗോളടിച്ചു. മിനിറ്റുകൾക്കകം മികച്ചൊരു സോളോ ഗോളിലൂടെ അൽവാരസും. അതോടെ ക്രൊയേഷ്യയുടെ പിടിവിട്ടു. പിന്നെ അർജന്റീന കളിയുടെ എല്ലാ മേഖലകളിലും നിറഞ്ഞുനിന്നു. 

രണ്ടാം പകുതിയിൽ പാരഡസിന് പകരം ലിസാൻഡ്രോ മാർട്ടിനസിനെ കളത്തിലിറക്കി സ്കലോണി പ്രതിരോധം ശക്തിപ്പെടുത്തിയതോടെ ക്രൊയേഷ്യ കീഴടങ്ങി. പക്ഷേ അർജന്റീന അവസാനിപ്പിച്ചില്ല. മെസ്സിയും. 2018-ലോകകപ്പിലെ ഒരു കടം വീട്ടാനുണ്ടായിരുന്നു അവർക്ക്. മെസ്സി വലതുവിങ്ങിലൂടെ നിറഞ്ഞാടി. ക്രൊയേഷ്യൻ പ്രതിരോധതാരങ്ങളെയെല്ലാം വെട്ടിച്ച് ബോക്സിലേക്ക് പന്ത് നീട്ടി. അനായാസം വലകുലുക്കി അൽവാരസ് മത്സരത്തിലെ രണ്ടാം ഗോളും നേടിയതോടെ ലുസെയ്ലിൽ ആൽബിസെലസ്റ്റൻ തിരമാലകൾ ആർത്തലച്ചെത്തി. ഒടുക്കം ഫൈനലിലേക്കുള്ള ടിക്കറ്റും.

ഫൈനലിൽ ഫ്രാൻസിനെതിരേ മിശിഹയ്ക്കൊപ്പം മാലാഖയേയും കളത്തിലിറക്കിയാണ് സ്കലോണി ടീമിനെ ഒരുക്കിയത്. പ്രതിരോധത്തിന് ഊന്നൽ നൽകിയാണ് തന്ത്രമൊരുക്കിയത്. ആദ്യ പകുതി ആധികാരികമായിരുന്നു അർജന്റീനയുടെ പ്രകടനം. രണ്ടുഗോളുകൾക്ക് മുന്നിട്ടുനിൽക്കുകയും ചെയ്തു. എന്നാൽ രണ്ടാം പകുതി കളി മാറി. 64-ാം മിനിറ്റിൽ ഡി മരിയയെ സ്കലോണി കളത്തിൽ നിന്ന് പിൻവലിച്ചു. 

കളിയവസാനിച്ചതായി പ്രഖ്യാപിച്ച് റഫറി വിസിൽ മുഴക്കുന്നതുവരെ ലുസെയ്ൽ സ്റ്റേഡിയത്തിലെ ഇരുട്ട് നിറഞ്ഞ കോണിൽ ആ സ്വപ്നക്കിരീടം അയാളേയും കാത്തുനിന്നു. പിന്നെ ശ്വാസമടക്കിപ്പിടിച്ചതല്ലാതെ ലോകം ആ മത്സരം വീക്ഷിച്ചിട്ടുണ്ടാകില്ല. അവസാന മിനിറ്റുകളിൽ എംബാപ്പേയുടെ തിരിച്ചടി. അർജന്റീനക്കാരുടെ ശ്വാസം നിലച്ചു. പിന്നെ എക്സ്ട്രാ ടൈമിലും അടിക്ക് തിരിച്ചടി. പിന്നെ പെനാൽറ്റി ഷൂട്ടൗട്ട്. 

ഒടുക്കം ഷൂട്ടൗട്ടും അതിജീവിച്ച് സ്കലോണിപ്പട കപ്പുയർത്തി. 36-വർഷത്തെ കാത്തിരിപ്പവസാനിപ്പിച്ച് മിശിഹയും സംഘവും ലുസെയ്ലിൽ നിറഞ്ഞാടി. ആ മനുഷ്യൻ കരഞ്ഞിരിക്കണം. അയാളില്ലെങ്കിൽ പിന്നെ ആ ടീമിന് അങ്ങനെയൊരു ഉയിർത്തെഴുന്നേൽപ്പുണ്ടാകുമായിരുന്നില്ല. അർജന്റീനക്കാർ ഉറക്കെ പറയുന്നു. നിങ്ങളിലൂടെ ആ സ്വപ്നത്തിന് സാക്ഷാത്കാരം കുറിച്ചിരിക്കുന്നു…നന്ദി സ്കലോണി…