വിശാഖപട്ടണം: ക്രിക്കറ്റ് വാതുവെപ്പിനെ ചൊല്ലിയുണ്ടായ (brawl over cricket match bet) സംഘര്‍ഷത്തില്‍ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കാളാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. ഇരയുള്‍പ്പെടെ പോളിപ്പള്ളി ഗ്രാമത്തിലെ അഞ്ച് പേര്‍ ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട് നടത്തിയ വാതുവെപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തര്‍ക്കം ഉടലെടുത്തത്. 5000 രൂപ വരെ വാതുവെപ്പ് നടന്നതായി നാട്ടുകാര്‍ പറഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് നാട്ടുകാര്‍ സഹായത്തിനായി ഓടിയെത്തുമ്പോളും രണ്ട് പേര്‍ ഇരയുടെ തലയില്‍ വടികൊണ്ട് അടിക്കുകയായിരുന്നു.
സംഭവത്തില്‍ ഐപിസി സെക്ഷന്‍ 307 (കൊലപാതകശ്രമം), 324 (അപകടകരമായ ആയുധങ്ങളോ മാര്‍ഗങ്ങളോ ഉപയോഗിച്ച് മുറിവേല്‍പ്പിക്കുക), 34 എന്നിവ പ്രകാരം പോലീസ് കേസെടുത്തു. അക്രമത്തില്‍ രണ്ടു പേര്‍ പിടിയിലായപ്പോള്‍ രണ്ടു പേര്‍ ഒളിവിലാണ്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ് വിശാഖപട്ടണം സ്വദേശിക്ക് ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെയും ബോധം വന്നിട്ടില്ല. ഇയാള്‍ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.



