കെ.പി.സി.സി പുന:സംഘടനയുമായി ബന്ധപ്പെട്ട് ദില്ലിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി പ്രസിഡന്റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ ചര്‍ച്ചകള്‍ നടത്തുകയാണ്. ഡി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ഗ്രൂപ്പ് വീതം വയ്പ്പുണ്ടാകില്ലെന്ന് നേരത്തെ വ്യക്തമാക്കിയെങ്കിലും ഉമ്മന്‍ചാണ്ടിയും, ചെന്നിത്തലയും പല ജില്ലകളിലും ശക്തമായ അവകാശവാദം ഉന്നയിക്കുകയാണ്.

ഇതോടെ അന്തിമ തീരുമാനത്തിലെത്താന്‍ കഴിയാതായതോടെ ഒന്നിലധികം പേരുമായാണ് കെ.സുധാകരന്‍ ഹൈക്കമാന്‍ഡിന് മുന്നിലെത്തിയത്. സജീവഗ്രൂപ്പ് പ്രവര്‍ത്തകരെ തന്നെയാണ് ഡി.സി.സി പ്രസിഡന്റുമാരായി നേതാക്കള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന സ്ഥാനാര്‍ത്ഥികള്‍ പരാതിപ്പെട്ടവരും സാധ്യതാ പട്ടികയിലുണ്ടെന്ന ആക്ഷേപവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ഈ മാസം അവസാനം പട്ടിക പുറത്തിറക്കാനുള്ള ശ്രമത്തിലാണ് എ.ഐ.സി.സി നേതൃത്വം.