അഞ്ച് വയസുകാരിയുടെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ ഒന്നര കിലോ മുടി പുറത്തെടുത്തു. ഹരിയാനയിലെ പഞ്ച്കുളയില്‍ നിന്നാണ് വിചിത്രമായ ഈ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. കടുത്ത വയറുവേദനയെക്കുറിച്ച്‌ ഗുര്‍ലീന്‍ എന്ന അഞ്ചു വയസ്സുകാരി കുറച്ചു നാളുകളായി അമ്മയോട് പരാതിപ്പെട്ടിരുന്നു. ഒടുവില്‍, ഞായറാഴ്ച അമ്മ മകളെ സെക്ടര്‍ 6ലെ പഞ്ച്കുല ആശുപത്രിയില്‍ കൊണ്ടുപോയി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡോക്ടര്‍മാര്‍ കുട്ടിയുടെ വയറ്റില്‍ മുടി കണ്ടെത്തിയത്.

പഞ്ചകുല ആശുപത്രിയിലെ സീനിയര്‍ സര്‍ജന്‍ ഡോ. വിവേക് ​​ഭാഡാണ് ഓപ്പറേഷന് നേതൃത്വം നല്‍കിയത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ഗുര്‍‌ലീന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ഗുര്‍ലീനും അമ്മയും ചണ്ഡിഗഡിലെ മൗലി ജാഗ്രാനിലാണ് താമസിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് പിതാവിനെ നഷ്ടപ്പെട്ടതിനാല്‍ മകളെ പരിപാലിക്കാന്‍ അമ്മ മാത്രമേയുള്ളൂ. മകള്‍ക്ക് രണ്ടര വയസ്സുള്ളപ്പോള്‍ മുതല്‍ മുടി കഴിച്ചു തുടങ്ങിയിട്ടുണ്ടാകാമെന്ന് അമ്മ ഗുര്‍പ്രീത് പറഞ്ഞു. ‘അവളുടെ കൈകളില്‍ മുടി പല തവണ കണ്ടിട്ടുണ്ട്. പക്ഷേ അവള്‍ അത് കഴിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ 10-15 ദിവസമായി വയറുവേദനയെക്കുറിച്ച്‌ മകള്‍ പരാതിപ്പെടുന്നുണ്ടായിരുന്നു. തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്, ‘ഗുര്‍പ്രീത് കൂട്ടിച്ചേര്‍ത്തു.

ദിവസങ്ങള്‍ക്ക് മുന്‍പ് തമിഴ്നാട്ടില്‍ എട്ടാം ക്ലാസുകാരിയുടെ കുടലില്‍ നിന്നു ഒരു കിലോയോളം മുടിക്കെട്ട് നീക്കം ചെയ്തിരുന്നു. ‘റപുന്‍സല്‍ സിന്‍ഡ്രോം’ എന്ന പേരിലുള്ള മാനസിക അവസ്ഥയിലായിരുന്ന 15 വയസുകാരി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതു മുതല്‍ മിക്കപ്പോഴും മുടി വിഴുങ്ങിയിരുന്നു. ദഹിക്കാതെ കിടന്ന മുടിക്കൊപ്പം കുടലില്‍ നിന്നുള്ള മറ്റു വസ്തുക്കളും ചേര്‍ന്നു പന്തിന്റെ രൂപത്തില്‍ ആകുകയായിരുന്നു. വില്ലുപുരം സ്വദേശിനിയായ പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്നാണ് ഒരു കിലോയോളം വരുന്ന മുടി ശസ്ത്രക്രിയ ചെയ്ത് നീക്കിയത്.