തിരുവനന്തപുരം: എ.കെ. ആന്റണി നിസഹായന് എന്നാല്‍ കോണ്‍ഗ്രസ് നിസഹായമായി എന്നാണ് അര്‍ഥമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. അനില്‍ ആന്റണിയുടെ ബിജെപിയിലേക്കുള്ള കൂടുമാറ്റം ജനാധിപത്യ ഇന്ത്യക്കും കേരളത്തിനും അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസുകാരുടെ ചുവടുമാറ്റം ജനാധിപത്യ സംവിധാനത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ബിജെപി സര്‍ക്കാര്‍ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടയിലാണ് ഇത്തരമൊരു രാഷ്ട്രീയ ചുവടുമാറ്റം.
കോണ്‍ഗ്രസുകാര്‍ക്ക് ബിജെപിയിലേക്ക് ചേക്കാറാന്‍ അതിര്‍വരമ്പുകള്‍ ഇല്ല. വര്‍ഗീയ ധ്രുവീകരണത്തിന് മറയിടാനാണ് ന്യൂനപക്ഷ നേതാക്കളെ ബിജെപി ലക്ഷ്യം വയ്ക്കുന്നത്. ആന്റണി നിസഹയനായി എന്നത് കോണ്‍ഗ്രസ് നിസഹയമായതിന് തുല്യമാണെന്നും ഗോവിന്ദന് പറഞ്ഞു.
തോന്നിയാല്‍ ബിജെപിയില്‍ പോകും എന്ന് പറഞ്ഞയാളാണ് കെ. സുധാകരന്. അതിന് ശേഷം സുധാകരന് കെപിസിസി പ്രസിഡന്റായി. അതിന് ശേഷവും സുധാകരന് ആര്‍എസ്എസ് അനുകൂല പ്രസ്താവന നടത്തി. എന്നാല്‍ അപ്പോഴൊന്നും ഹൈക്കമാൻഡ് അതിനെ എതിര്‍ക്കാന്‍ തയാറായില്ല.
പകല്‍ കോണ്‍ഗ്രസും രാത്രിയില്‍ ബിജെപിയും ആയവര്‍ പാര്‍ട്ടിയില്‍ വേണ്ടെന്ന് പറഞ്ഞത് ആന്റണിയായിരുന്നു. അദ്ദേഹത്തിന്റെ മകന് തന്നെ പകലും രാത്രിയും ബിജെപിയായി. ഇരു പാര്‍ട്ടികളുടെയും നിലപാടുകള്‍ ഒന്നായതുകൊണ്ടാണ് എളുപ്പം പാര്‍ട്ടി മാറാന്‍ കഴിയുന്നതെന്നും അദ്ദേഹം പരിഹസിച്ചു.



