കൊച്ചി: എളംകുളത്തെ വാടക വീട്ടില്‍വച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പങ്കാളി നേപ്പാളില്‍ പിടിയില്‍. നേപ്പാള്‍ സ്വദേശിയായ രാം ബഹാദൂറാണ് അറസ്റ്റിലായത്.
കേരള പോലീസ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നേപ്പാള്‍ പോലീസാണ് ഇയാളെ പിടികൂടിയത്.കഴിഞ്ഞ ഒക്ടോബര്‍ 25നാണ് എളംകുളത്തെ വീട്ടില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ നേപ്പാൾ സ്വദേശി ഭഗീരഥി ധാമിയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിനു പിന്നാലെ ഇവരുടെ പങ്കാളിയായ രാം ബഹാദൂര്‍ ഒളിവില്‍ പോയിരുന്നു. ഇരുവരും വ്യാജ തിരിച്ചറിയല്‍ രേഖനല്കിയാണ് കൊച്ചിയിലെ വീട്ടില്‍ താമസിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ഇയാളുടെ ചിത്രം കണ്ടെത്താനായതാണ് കേസ് അന്വേഷണത്തില്‍ വഴിതിരിവായത്. മഹാരാഷ്ട്രയിലെ ഇയാളുടെ താത്കാലിക മേല്‍വിലാസം സംബന്ധിച്ച അന്വേഷണത്തിലൂടെയാണ് ഇയാള്‍ നേപ്പാള്‍ സ്വദേശിയാണെന്ന് കണ്ടെത്തിയത്.
നേപ്പാള്‍ പോലീസിന്റെ കസ്റ്റഡിയിലുള്ള ഇയാളെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള നടപടികള്‍ തുടങ്ങിയെന്ന് പോലീസ് പറഞ്ഞു. രാം ബഹാദൂറിന്റെ മൂന്നാമത്തെ പങ്കാളിയാണ് കൊല്ലപ്പെട്ട ലക്ഷ്മി.
കുടുംബപ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം



