വാഷിംഗ്ടണ്‍: യുദ്ധമുഖത്തെ പടക്കുതിരയായ ‘ചിനൂക്’ ഹെലികോപ്റ്ററുകള്‍ പിന്‍വലിച്ച് അമേരിക്ക. എന്ജിന് തീപിടിക്കുന്നത് വ്യാപകമായ സാഹചര്യത്തിലാണ് അമേരിക്കന്‍ സൈന്യത്തിന്റെ നടപടി. മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. ചിനൂക്കിന്റെ എന്ജിന് തീ പിടിക്കുന്നത് പതിവ് സംഭവമാണെങ്കിലും ജീവന് നഷ്ടമാകുന്നതോ പരിക്ക് പറ്റുന്നതോ ആയ ഒരു സംഭവവും ഉണ്ടായിട്ടില്ലെന്നാണ് അമേരിക്കന്‍ സൈന്യം അവകാശപ്പെടുന്നത്.
യു.എസ്. നൂറോളം ഹെലികോപ്റ്ററുകളാണ് പിന്‍വലിച്ചിരിക്കുന്നത്. പരിശോധനയില്‍ 70-ഓളം ഹെലികോപ്റ്ററുകള്‍ക്ക് സാങ്കേതിക പ്രശ്നമുള്ളതായി സംശയിക്കുന്നുമുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പിന്‍വലിക്കല്‍ നടപടി. പിന്‍വലിക്കല്‍ നടപടി എത്രകാലത്തേക്കാണെന്ന് വ്യക്തമല്ലാത്തതിനാല്‍ 12 ടണ്‍ ഭാരംവരെ വഹിക്കുന്ന ചിനൂക്കിന്റെ അഭാവം അമേരിക്കന്‍ സൈന്യത്തിന് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.
1962-ല്‍ അമേരിക്കന്‍ കരസേനയാണ് ചിനൂക് ആദ്യമുപയോഗിച്ചത്. അഫ്ഗാനിസ്താന്, ഇറാഖ്, വിയറ്റ്നാം യുദ്ധങ്ങളില്‍ അമേരിക്കന്‍ സേന ഈ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ചിരുന്നു. 400 ചിനൂക് ഹെലികോപ്റ്ററുകളാണ് അമേരിക്കന്‍ സൈന്യത്തിന്റെ പക്കലുള്ളത്.
ചിനൂക് ഹെലികോപ്റ്ററുകള്‍ ഇന്ത്യയടക്കം 21 രാജ്യങ്ങളിലെ സൈന്യങ്ങളുടെ കരുത്താണ്. അമേരിക്കന്‍ വ്യോമയാന കമ്പനിയായ ബോയിങ്ങില്‍ നിന്ന് ഇന്ത്യ പതിനായിരം കോടി രൂപ ചെലവിട്ടാണ് 15 ചിനൂക് ഹെലികോപ്റ്ററുകളാണ് വാങ്ങിയത്. 2019-ല്‍ ആദ്യ ബാച്ചില്‍ നാല് ഹെലികോപ്റ്ററുകള്‍ എത്തി. 2020-ഓടെ ബാക്കിയുള്ളവയും ലഭിച്ചു. സി.എച്ച്.47എഫ്. (1) വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററുകളാണ് കപ്പല്‍മാര്‍ഗം ഗുജറാത്തിലെ മുന്ധ്ര തുറമുഖം വഴി ഇന്ത്യയില്‍ എത്തിച്ചത്.
സൈനികര്‍, ഭാരമേറിയ വാഹനങ്ങള്‍, ആയുധങ്ങള്‍ എന്നിവയെത്തിക്കുകയാണ് ഇവയുടെ പ്രധാന ദൗത്യം. സിയാച്ചിനും ലഡാക്കും പോലെ വളരെ ഉയര്‍ന്ന മേഖലകളില്‍പ്പോലും സൈനികവിന്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കാണ് ഇന്ത്യന്‍ വ്യോമസേന ചിനൂക് ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കുന്നത്. മണിക്കൂറില്‍ 315 കിലോമീറ്ററാണ് വേഗം. ഒറ്റയടിക്ക് 741 കിലോമീറ്റര്‍ വരെ പറക്കാനാകും. 6100 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കും എന്നതാണ് ചിനൂക്കിന്റെ സവിശേഷത.



