തിരുവനന്തപുരം : കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ഒന്നിച്ച്‌ നിന്ന് പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്ത് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍. ഒരു വിഷമസന്ധിയിലൂടെയാണ് പാര്‍ട്ടി കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്‍റെ സാന്നിധ്യം അനിവാര്യമായ ചുറ്റുപാടില്‍ പോലും കോണ്‍ഗ്രസ് ദുര്‍ബലമാകുന്നു എന്നത് ദുഃഖകരമാണ്. ജനങ്ങള്‍ കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണരൂപം :

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി സ്വജീവന്‍ പോലും തൃണവല്‍ക്കരിച്ച്‌ രാഷ്ട്രീയ എതിരാളികളുമായി മല്ലടിച്ച്‌ ഈ പാര്‍ട്ടിയുടെ അസ്തിത്വം നിലനിര്‍ത്തിയവരാണ് നിങ്ങള്‍. നിങ്ങളുടെ വിയര്‍പ്പാണ്, നിങ്ങളുടെ കരുത്താണ്, നിങ്ങളുടെ ചിന്തയാണ് കണ്ണൂര്‍ ജില്ലയിലെ കമ്മ്യൂണിസ്റ്റ്‌ ഗ്രാമങ്ങളില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് അസ്തിത്വം പകര്‍ന്ന അടിസ്ഥാന ഘടകം. ഒരു വിഷമ സന്ധിയിലൂടെയാണ് നാം കടന്നു പോയി കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിന്‍്റെ സാന്നിധ്യം അനിവാര്യമായ ഈ ചുറ്റുപാടില്‍ കോണ്‍ഗ്രസ് ദുര്‍ബലമാകുന്നു എന്നത് ദു:ഖകരമാണ്.

രാഷ്ട്രിയ എതിരാളികള്‍ പോലും കോണ്‍ഗ്രസ് ശക്തമാകണമെന്ന് ആഗ്രഹിക്കുന്ന ഈ കാലഘട്ടത്തില്‍ കോണ്‍ഗ്രസ്സ് ദുര്‍ബലമാകുന്നത് നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല.കോണ്‍ഗ്രസ് ദുര്‍ബലമാകാതിരിക്കാനുള്ള നടപടി നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാവണം. ജനങ്ങള്‍ കോണ്‍ഗ്രസിന്‍്റെ തിരിച്ച്‌ വരവിന് വേണ്ടി കാത്തിരിക്കുമ്ബോള്‍ നമുക്ക് എങ്ങനെ ഉറങ്ങാന്‍ പറ്റും?
അത് കൊണ്ട് എന്‍്റെ പ്രിയപ്പെട്ടവരോട് ഞാന്‍ പറയുന്നു ഒരുപാട് രക്തസാക്ഷികളുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്‍്റെ ചരിത്രം രചിക്കുമ്ബോള്‍, ആ പ്രസ്ഥാനം തളരുവാന്‍ നമ്മള്‍ അനുവദിക്കാന്‍ പാടില്ല, ഒന്നിക്കണം, കരുത്തോടെ മുന്നോട്ട് പോകാന്‍ നമുക്ക് സാധിക്കണം.

കോണ്‍ഗ്രസിന്‍്റെ സംഘടനാ പ്രവര്‍ത്തന രംഗത്ത് ഈ സംസ്ഥാനത്തെ അമരക്കാരനായി ഹൈക്കമാന്‍ഡ് എന്നെ നിശ്ചയിച്ചത് നിങ്ങള്‍ക്ക് അറിയാമല്ലോ. എനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. അത് കൊണ്ട് നമുക്ക് വേണം തോളോട് തോള്‍ ചേര്‍ന്ന് കൊണ്ടുള്ള പ്രവര്‍ത്തനം. എല്ലാം മറന്ന് കൊണ്ട് പാര്‍ട്ടിക്ക് വേണ്ടി, പാര്‍ട്ടിയുടെ അഭിവൃദ്ധിയ്ക്ക് വേണ്ടി, പാര്‍ട്ടിയുടെ കരുത്തിന് വേണ്ടി ഒരു ബിന്ദുവില്‍ യോജിക്കുവാന്‍ എന്നെ സ്നേഹിക്കുന്ന, കോണ്‍ഗ്രസിനെ സ്നേഹിക്കുന്ന സംസ്ഥാനത്തെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒറ്റകെട്ടായി എന്‍്റെ കരങ്ങള്‍ക്ക് ശക്തി പകരുവാന്‍ ഉണ്ടാകണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.

നിങ്ങള്‍ക്ക് എല്ലാവര്‍ക്കും എന്‍്റെ നമസ്ക്കാരം.
ജയ്ഹിന്ദ്.