പാലക്കാട് : തന്റെ പ്രണയിനിയെ ആരുമറിയാതെ പത്ത് വര്‍ഷക്കാലം സ്വന്തം വീട്ടില്‍ ഒളിപ്പിച്ച്‌ താമസിപ്പിച്ച നെന്മാറ സ്വദേശി റഹ്‌മാന്റെയും സജിതയുടെയും വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയമായിരിക്കുന്നത്. ഇരുവരുടെയും പ്രണയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ റഹ്‌മാനെയും സജിതയെയും പിന്തുണച്ചുകൊണ്ട് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി രംഗത്തെത്തിയിരിക്കുകയാണ്. ഈ വിഷയത്തില്‍ റഹ്‌മാനെ കുറ്റപ്പെടുത്താന്‍ പാടില്ലെന്നും റഹ്മാനും സജിതക്കുമൊപ്പം അല്ലാതെ ഇരവാദം പറയുന്നവര്‍ക്കൊപ്പം നില്‍ക്കാനാവില്ലെന്നുമാണ് ബിന്ദു അമ്മിണി പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബിന്ദു അമ്മിണിയുടെ പ്രതികരണം.
കുറിപ്പിന്റെ പൂര്‍ണരൂപം :

നിങ്ങള്‍ പറയുന്ന തടവറയിലേക്ക് സ്വയം നടന്നുകയറി മറ്റുള്ളവരുടെ കണ്ണില്‍ പ്പെടാതെ സ്വയം തടവില്‍ ക്കഴിഞ്ഞ സജിത സ്വാതന്ത്ര്യത്തെക്കാള്‍ മൂല്യം കല്പിച്ചത് പ്രണയത്തിനാവാം. അതവളുടെ ചോയ്സ് ആയിരുന്നു ആ തടവറയില്‍ യില്‍ നിന്നും പുറത്തു കടക്കാന്‍ കഴിയുമായിരുന്നിട്ടും അവള്‍ അതില്‍ ആനന്ദം കണ്ടെങ്കില്‍ നമ്മുടെ യുക്തിക്കൊന്നും ഒരു വിലയുമില്ല.

ഞാന്‍ സ്വാതന്ത്ര്യത്തിനു കൂടുതല്‍ വില കല്‍പ്പിക്കുന്ന ആളാണ്‌. എന്നാല്‍ സജിത അത് വേണ്ടെന്നു വെച്ച്‌ അവരുടെ പ്രണയത്തിനായി ജീവിച്ചെങ്കില്‍, അതില്‍ രോക്ഷം കൊള്ളുന്നതിലൊരു യുക്തിയുമില്ല.

പത്തു വര്‍ഷക്കാലം ഒറ്റമുറിക്കുള്ളില്‍ ഒളിച്ചു കഴിയേണ്ടി വരിക. അതും പ്രണയത്തിനു വേണ്ടി. റഹ്മാനെ കുറ്റവാളി ആക്കി ചിലര്‍ ചിത്രീകരിച്ചു കണ്ടു. ഇവിടെ സജിത എന്ന സ്ത്രീ അനുഭവിച്ച എല്ലാ വിഷമങ്ങളും ഉള്‍ക്കൊണ്ടു തന്നെ പ്രായപൂര്‍ത്തി ആയ മാനസിക ആരോഗ്യമുള്ള രണ്ടു വ്യക്തികള്‍ സ്വതന്ത്രമായി എടുത്ത തീരുമാനം ആയത് കൊണ്ടും വ്യവസ്ഥയുടെ ഇരകള്‍ ആയത് കൊണ്ടും റഹ്മാനും സജിതക്കുമൊപ്പം അല്ലാതെ ഇരവാദം പറയുന്നവര്‍ക്കൊപ്പം നില്‍ക്കാനാവില്ല.

ചില സന്തോഷങ്ങള്‍ അത്രമേല്‍ പ്രിയപ്പെട്ടതാവുമ്ബോള്‍ ആണ് മറ്റുചിലഅടിസ്ഥാനസ്വാതന്ത്ര്യങ്ങള്‍ പോലും ഉപേക്ഷിക്കുന്നത്. മതവും സമൂഹവും എല്ലാം കൂടി അടിച്ചേല്‍പ്പിച്ച വിലക്കുകള്‍ മറികടക്കുവാന്‍ അവര്‍ അവരുടെ തന്നെ പത്തു വര്‍ഷത്തെ സ്വാതന്ത്ര്യമാണുപേക്ഷിച്ചത്. ഇനി എങ്കിലും അവര്‍ സ്വാതന്ത്ര്യത്തിന്റെ മാധുര്യം നുണഞ്ഞോട്ടെ.
ആശംസകള്‍ Sajitha and Rahman