‘എല്ലാം കഴിഞ്ഞെന്ന് വിചാരിച്ച നിമിഷം, അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ചു..സെക്കന്‍ഡ് ചാന്‍സുണ്ടാകുമോന്ന് അറിയില്ല, ലൈഫ് പോയീന്ന് സുഹൃത്തുക്കള്‍ക്ക് മെസേജ് അയച്ചു…’, പറയുന്നത് കണ്ണൂര്‍ സ്വദേശിയായ ദീദില്‍ ആണ്. അഫ്‌ഗാനിസ്ഥാനില്‍ പെട്ട് പോയ ഇന്ത്യക്കാരില്‍ ഒരാളായിരുന്നു ദീദില്‍. ദീദില്‍ അടക്കമുള്ള 150 ഇന്ത്യക്കാരുമായി കാബൂള്‍ വിമാനത്താവളത്തിലേക്ക് സഞ്ചരിച്ച 6 ബസുകള്‍ താലിബാന്‍ പിടിച്ചെടുത്തിരുന്നു. താലിബാന്റെ പിടിയിലായിരുന്ന ആറ് മണിക്കൂര്‍ ജീവിതം അവസാനിച്ചെന്ന് കരുതിയതാണെന്ന് നാട്ടില്‍ തിരിച്ചെത്തിയ ദീദില്‍ പറയുന്നു.
കാബൂളില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ദീദില്‍ അടക്കമുള്ളവര്‍ ഡല്‍ഹിയില്‍ എത്തിയത്. തുടര്‍ന്ന് പ്രത്യേക വിമാനത്തില്‍ ഗോവ വഴി ഇന്ന് ഉച്ചയോടെയാണ് ദീദില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. നോര്‍ക്കയുടെ ബന്ധപ്പെട്ടത് ദീദില്‍ ആയിരുന്നു. ജീവന്‍ കൈയ്യില്‍ പിടിച്ചുകൊണ്ടുള്ള ഓട്ടമായിരുന്നുവെന്ന് കണ്ണൂരില്‍ എത്തിയ ദീദില്‍ മാധ്യമങ്ങളോട് പറഞ്ഞു. അഫ്‌ഗാനിലെ ക്യാംപില്‍ നിന്നും നാട്ടിലെത്തിയത് വരെയുണ്ടായ സംഭവങ്ങള്‍ ദീദില്‍ ഓര്‍ത്തെടുക്കുന്നു. താലിബാന്റെ പിടിയില്‍ ആയതോടെ ജീവിതം അവസാനിച്ചുവെന്ന് കരുതി. എങ്ങനെ കൊല്ലുമെന്ന് മാത്രമേ അറിയേണ്ടതാണ് അപ്പോള്‍ ഉണ്ടായിരുന്നുള്ളുവെന്ന് യുവാവ് പറയുന്നു.
‘ആകെ രണ്ട് ഡ്രസ്സ് കൊണ്ടാണ് ഇറങ്ങി ഓടിയത്. വസ്ത്രം മാറാനോ ഒന്നും ഉള്ള സൗകര്യമോ സാഹചര്യമോ ഉണ്ടായിട്ടില്ല. അഞ്ച് ദിവസമായി ഇതുതന്നെയാണ് ഇടുന്നത്. അമ്മയോടൊന്നും വിശദമായി കാര്യങ്ങള്‍ പറഞ്ഞിരുന്നില്ല. ഇന്നലെയാണ് വീട്ടില്‍ വിളിച്ച് എല്ലാം പറയുന്നത്. ഏകദേശം ആറ് മണിക്കൂറോളം താലിബാന്റെ കൈയ്യിലായിരുന്നു. സെക്കന്‍ഡ് ചാന്‍സുണ്ടാകുമോന്ന് അറിയില്ല, എല്ലാം കഴിഞ്ഞു എന്ന് പറഞ്ഞ് സുഹൃത്തുക്കള്‍ക്ക് മെസേജ് അയച്ചിരുന്നു. ജീവിതം പോയെന്ന് കരുതി. തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ സന്തോഷം. ദൈവം സഹായിച്ചത് കൊണ്ട് ഇന്നിവിടെ എത്തി. വിമാനത്താവളത്തിന് മുന്‍പ് മൂവായിരത്തോളം ജനങ്ങള്‍ ഉണ്ടായിരുന്നു. സെക്കണ്ടറി ഓപ്‌ഷന്‍ കാണിച്ച് തരാം എന്ന് പറഞ്ഞായിരുന്നു രണ്ട് താലിബാന്‍ ആളുകള്‍ വണ്ടിയില്‍ കയറിയതും ഞങ്ങളെ കൊണ്ടുപോയതും. ആദ്യം സ്ത്രീകളെ വിട്ടു, പിന്നെ അഫ്‌ഗാനികളെ വിട്ടു. അതിനുശേഷമാണ് ഇന്ത്യക്കാരെ വിട്ടത്. അവര്‍ നമ്മളെ ഒന്നും ചെയ്യുന്നൊന്നും ഉണ്ടായിരുന്നില്ല. എന്നാലും തീര്‍ന്നെന്ന് ഓര്‍ത്തു. നമ്മള്‍ സുരക്ഷിതരായതിന്റെ കാരണം യു.എസ് മിലിട്ടറി അവിടെ ഉള്ളത് കൊണ്ടാണ്. പിന്നെ, നമ്മുടെ കേന്ദ്ര സര്‍ക്കാരും. നമുക്ക് വേണ്ട എല്ലാ സഹായവും അവര്‍ ചെയ്തു. ഇനി ഇപ്പോള്‍ അവിടെ ഒരു നിയമമില്ല. അവരുടെ ഇഷ്ടത്തിനാണ് കാര്യങ്ങള്‍ പോകുന്നത്. സ്ത്രീകള്‍ കുറച്ച് കൂടി ബുദ്ധിമുട്ടിലായി’, ദീദില്‍ പറയുന്നു.



