ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ മാർത്ത് മറിയം വനിതാ സമാജം 40-ാം വാർഷികം ആഘോഷിച്ചു. ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മോർ നിക്കളാവോസിന്റെയും, മലങ്കര ഓർത്തഡോക്സ് സഭ , മാർത്ത് മറിയം വനിതാ സമാജം (MMVS)വൈസ് പ്രസിഡന്റ് ഫാ. എബി പൗലോസിന്റെയും നേതൃത്വത്തിലായിരുന്നു വാർഷിക ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി സുവനീറും പ്രസിദ്ധീകരിച്ചിരുന്നു.
ഭദ്രാസനത്തിൽ സമാജം രൂപീകൃതമായി 40 വർഷം പിന്നിടുന്പോൾ , 40 വർഷം പൂർത്തിയാക്കിയ എല്ലാവരെയും ആദരിച്ചു.
ഫിലാഡൽഫിയ അൻ റൂ (UNRUHE)പള്ളിയിൽ കൂടിയ യോഗത്തിലായിരുന്നു ആഘോഷങ്ങൾ . വാർഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് 50 കുട്ടികളെ സ്കോളർഷിപ് നൽകിയും ആദരിച്ചത് . ഒരു ലക്ഷം രൂപയുടെ 50 സ്കോളർഷിപ്പുകളാണ് നൽകുന്നത് .
വെല്ലുവിളികളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോകുന്നവരും മതപരമായി ആഴത്തിലുള്ള ബോധ്യങ്ങളും അക്കാദമിക് വൈഭവവും വ്യക്തിപരമായ മികവും കൈമുതലായുള്ളവരും
തൊഴിലധിഷ്ഠിത മേഖലയിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ഉദ്ദേശിക്കുന്നവരുമായ വിദ്യാർത്ഥികളാണ് ഒരു ലക്ഷം, രൂപയുടെ സ്കോളർഷിപ്പുകൾക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
സമാജത്തിലെ ഓരോ അംഗങ്ങളുടെയും കഠിനാധ്വാനത്താൽ, 50 ലക്ഷം രൂപയും അതിലേറെയും സമാഹരിക്കുകയെന്ന ലക്ഷ്യം വിജയകരമായി പൂർത്തിയാക്കി . അഖില മലങ്കരാടിസ്ഥാനത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ ദേവാലയങ്ങളിൽ നിന്നും സ്കോളർഷിപ്പിനായി നിശ്ചിത അപേക്ഷാഫോമിൽ നിരവധി അപേക്ഷകൾ ലഭിക്കുകയുണ്ടായി.



