ഡോ. ജോര്‍ജ് എം. കാക്കനാട്

ഹൂസ്റ്റണ്‍: പലസ്തീനിലെ തീവ്രവാദ സംഘടനയായ ഹമാസിന്റെ ആക്രമണത്തെ തുടര്‍ന്ന് യുദ്ധ സജ്ജരായ ഇസ്രയേലിന് കരുത്തു പകരാന്‍ യുഎസ് രംഗത്തിറങ്ങിയതോടെ പശ്ചിമേഷ്യ പുതിയൊരു സംഘര്‍ഷത്തിലേക്ക് പോവുകയാണ്. ഇസ്രയേലിന് തിരിച്ചടിക്കാനുള്ള എല്ലാ സഹായവും നല്‍കാനാണ് യുഎസിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രകടനമായി ഒന്നിലധികം സൈനിക കപ്പലുകളും വിമാനങ്ങളും ഇസ്രായേലിലേക്ക് അയക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചതോടെ ഹമാസും അവരെ അനുകൂലിക്കുന്നവരും പ്രതിരോധത്തിലായിരിക്കുകയാണ്.

വാഷിംഗ്ടണ്‍ സൈനിക സഹായം വര്‍ദ്ധിപ്പിക്കുമെന്നും ഇസ്രായേലിന് യുദ്ധോപകരണങ്ങള്‍ നല്‍കുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പ്രഖ്യാപിച്ചതോടെ അമേരിക്കയുടെ നയം വ്യക്തമായിരിക്കുകയാണ്. പലസ്തീനികള്‍ക്കെതിരായ ആക്രമണമെന്നാണ് അമേരിക്കയുടെ പ്രഖ്യാപനത്തെ ഹമാസ് വിശേഷിപ്പിച്ചത്. ഇസ്രായേല്‍ അധിനിവേശത്തെ പിന്തുണയ്ക്കാന്‍ വിമാനവാഹിനിക്കപ്പല്‍ നല്‍കുമെന്ന യുഎസിന്റെ പ്രഖ്യാപനം പലസ്തീനി ജനതയ്‌ക്കെതിരേയുള്ള ആക്രമണമാണെന്ന് ഹമാസ് പ്രസ്താവനയില്‍ ആരോപിച്ചു.

ഗാസ മുനമ്പില്‍ ഇസ്രായേല്‍ ശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടത്. ഇരുവശത്തുമായി നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഹമാസിന്റെ ഏറ്റവും പുതിയ ആക്രമണം ഇസ്രയേലും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന് തടസ്സമാകുമെന്ന് യുഎസ് വിശ്വസിക്കുന്നതായി ഓസ്റ്റിന്‍ പറഞ്ഞു.

ഇസ്രായേലിനുള്ള സുരക്ഷാ സഹായം ഉടന്‍ നല്‍കാനാണ് യുഎസ് നീക്കം. യുഎസ് യുദ്ധവിമാനങ്ങള്‍ ഇസ്രയേലിന് കരുത്തുപകരുന്നതിന് ഇവിടേക്ക് തിരിച്ചുകഴിഞ്ഞു. ഫോര്‍ഡ് കാരിയറും അതിനെ പിന്തുണയ്ക്കുന്ന കപ്പലുകളും ഉള്‍പ്പെടുന്ന ഒരു കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിനെ ഇസ്രായേലിലേക്ക് അടുപ്പിക്കാന്‍ യുഎസ് ഉത്തരവിട്ടതും അതീവ പ്രാധാന്യത്തോടെയാണ് നയതന്ത്ര വിദഗ്ധര്‍ കാണുന്നത്.

‘യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിന്റെ കിഴക്കന്‍ മെഡിറ്ററേനിയനിലേക്കുള്ള നീക്കത്തിന് നിര്‍ദ്ദേശം നല്‍കിയതായി ഓസ്റ്റിന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായേല്‍ സൈന്യത്തിന് കൂടുതല്‍ സഹായം ലഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഞായറാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഉറപ്പു നല്‍കിയിരുന്നു.

അതേസമയം, യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായി കൂടിക്കാഴ്ച നടത്തിയതും അതീവ പ്രാധാന്യത്തോടെയാണ് ലോകം കാണുന്നത്. വാഷിംഗ്ടണ്‍ ഇസ്രായേലിന് സൈനിക സഹായമായി യുഎസ് പ്രതിവര്‍ഷം 3 ബില്യണ്‍ ഡോളര്‍ സംഭാവന നല്‍കുന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്രായേലിലേക്ക് മിസൈലുകളും റോക്കറ്റുകളും തൊടുത്തുവിടുന്നത് തടയുന്ന അയണ്‍ ഡോമിന്റെ പരാജയം മുന്‍നിര്‍ത്തി അതിന്റെ നവീകരണത്തിനുള്ള സാങ്കേതിക സഹായം നല്‍കാന്‍ യുഎസ് തയാറാകുമെന്നും സൂചനയുണ്ട്. സൗദി അറേബ്യയും ഇസ്രയേലും അടക്കുന്നതിനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുകയും ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ താല്‍പ്പര്യമുള്ള രാജ്യങ്ങളെ തടയുന്നതിനുമാകാം ഹമാസിന്റെ ആക്രമണത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ വിലയിരുത്തുന്നു.

വെസ്റ്റ് ബാങ്ക്, ജറുസലേം, ഇസ്രായേല്‍ ജയിലുകള്‍ എന്നിവിടങ്ങളില്‍ പലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ വര്‍ധിച്ചതാണ് തങ്ങളുടെ ആക്രമണത്തിന് പിന്നിലെന്ന് ഹമാസ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ യുഎസ് ഇതു മുഖവിലയ്ക്ക് എടുക്കുന്നില്ല. ജറുസലേമിലെ അല്‍-അഖ്സ പള്ളിക്ക് നേരെയുള്ള ഭീഷണികള്‍, ഗാസയ്ക്കെതിരായ ഇസ്രായേല്‍ ഉപരോധത്തിന്റെ തുടര്‍ച്ച, മേഖലയിലെ രാജ്യങ്ങളുമായുള്ള ഇസ്രായേലിന്റെ ബന്ധം സാധാരണ നിലയിലായത് എല്ലാം ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ ഉയര്‍ത്തിക്കാട്ടിയിരുന്നു.

സൗദി അറേബ്യയുമായി തന്റെ രാജ്യം സമാധാനത്തിന്റെ നെറുകയിലാണെന്ന് താന്‍ വിശ്വസിക്കുന്നതായി നെതന്യാഹു കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഈ നീക്കം മിഡില്‍ ഈസ്റ്റിനെ പുനര്‍നിര്‍മ്മിക്കുമെന്നും അദ്ദേഹം പവചിച്ചിരുന്നു. ഇസ്രയേലിനെ അംഗീകരിക്കുന്നതിനുള്ള ഒരു വ്യവസ്ഥയായി പലസ്തീനികളുടെ രാഷ്ട്രപദവിക്കുള്ള അവകാശം സൗദി അറേബ്യ പണ്ടേ ആവശ്യപ്പെട്ടിരുന്നു. അതേസമയം നെതന്യാഹുവിന്റെ ദേശീയ മതസഖ്യത്തിലെ പല അംഗങ്ങളും ഇതിനോട് അനുകൂലമല്ല. ഏറ്റവും പുതിയ ആക്രമണം ഉണ്ടായിട്ടും സൗദി-ഇസ്രായേല്‍ ബന്ധം ഉലയാതെ നോക്കാനുള്ള ശ്രമങ്ങള്‍ തുടരണമെന്ന് യുഎസ് ആവശ്യപ്പെട്ടിരുന്നു.