കൊച്ചി: ലുലു മാളിൽ ഇന്ത്യൻ പതാകയേക്കാൾ വലുപ്പത്തിലുള്ള പാകിസ്താൻ പതാക കെട്ടിയെന്ന ഏഷ്യാനെറ്റ് കന്നട പതിപ്പിന്റെ വ്യാജവാർത്തക്ക് മലയാളം ഏഷ്യാനെറ്റിന്റെ തിരുത്ത്. ഏഷ്യാനെറ്റ് കന്നഡ പതിപ്പായ സുവർണ ന്യൂസിന്റെ വ്യാജ വാർത്ത പുറത്തുവന്നതോടെ ലുലു മാളിന്റെ ഔദ്യോഗിക വിശദീകരണം ഏഷ്യാനെറ്റ് ന്യൂസ് പങ്കുവെക്കുകയായിരുന്നു. ലുലു മാളിലെ പതാക സംബന്ധിച്ച് കന്നഡ ഏഷ്യാനെറ്റിന്റെയും മലയാളത്തിലുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെയും വാർത്തകളുടെ സ്‌ക്രീൻ ഷോട്ടുകൾ ഫാക്ട് ചെക്കറും ആൾട്ട് ന്യൂസ് സഹസ്ഥാപകനുമായ മുഹമ്മദ് സുബൈർ സമൂഹ മാധ്യമമായ എക്‌സിൽ തുറന്നുകാട്ടി.

ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിനോടനുബന്ധിച്ച് ടൂർണമെൻറിൽ പങ്കെടുക്കുന്ന വിവിധ ടീമുകളുടെ കൊടികൾ മാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഒരേ വലുപ്പമുള്ള പതാകകൾ വിവിധ ആംഗിളിൽനിന്ന് ഫോട്ടോയെടുത്തപ്പോൾ തോന്നുന്ന വ്യത്യാസം വ്യാജ വാർത്ത പ്രചരിപ്പിക്കാൻ പ്രതീഷ് വിശ്വനാഥനടക്കമുള്ള ഹിന്ദുത്വവാദികൾ ദുരുപയോഗിക്കുകയായിരുന്നു.