കോട്ടയം: കോട്ടയം കറുകച്ചാലില്‍ അയല്‍വാസിയുടെ മുറ്റത്തുകിടന്ന കാര്‍ കത്തിക്കുന്നതിനിടെ പൊള്ളലേറ്റയാള്‍ മരിച്ചു. മാന്തുരുത്തി അരിമാലീല്‍ ചന്ദ്രശേഖരന്‍ നായര്‍ (76) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെയാണ് അയല്‍വാസിയായ കണ്ണമ്പള്ളി ടോമിച്ചന്റെ മുറ്റത്ത് സംഭവം നടന്നത്.
നിലവിളി കേട്ടെത്തിയ ടോമിച്ചന്റെ ഭാര്യ ജെസി മുറ്റത്ത് കിടന്ന കാറിനും ജനലിലും തീപിടിച്ചതാണ് കണ്ടത്. പിന്നാലെ ശരീരമാസകലം തീയുമായി ഒരാള്‍ മുറ്റത്തുകൂടി ഓടുന്നതും കണ്ടതോടെ ജെസിയും നിലവിളിച്ചു. ശബ്ദം കേട്ടെത്തിയ അയല്‍വാസികള്‍ ചേര്‍ന്ന് വെള്ളമൊഴിച്ച് തീകെടുത്തിയെങ്കിലും ചന്ദ്രശേഖരന്റെ ശരീരം പകുതി കത്തിയിരുന്നു. ഉടന്‍ തന്നെ പൊലീസെത്തി ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ചന്ദ്രശേഖരനുമായി തങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ലായിരുന്നുവെന്ന് അയല്‍വാസി പറയുന്നു. നല്ല ബന്ധമായിരുന്നു. ബന്ധുക്കളുമായി അകന്ന് ഒറ്റക്ക് താമസിച്ചിരുന്ന ചന്ദ്രശേഖരന്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ കറുകച്ചാല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



