ഡോ. ജോര്‍ജ് എം. കാക്കനാട്

ഹൂസ്റ്റണ്‍: ഇസ്രയേലില്‍ ഹമാസ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ നിരവധി അമേരിക്കന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ വിഷയം യുഎസിനെയും ഏറെ അലട്ടുന്ന വിഷയമായി പലസ്തീന്‍ ആക്രമണം മാറിക്കഴിഞ്ഞു. ഹമാസിന്റെ ആക്രമണത്തോട് യുഎസില്‍ രോഷം പുകയുകയാണ്. ഏകദേശം 1,600 പേരുടെ ജീവന്‍ അപഹരിച്ച ഇസ്രായേല്‍-ഗാസ യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി വിതുമ്പിയത് വിഷയത്തോടുള്ള യുഎസിന്റെ മനോഭാവം വെളിപ്പെടുത്തുന്നതായി.

‘ഈ ചിത്രങ്ങള്‍ കാണുന്നതുതന്നെ ബുദ്ധിമുട്ടാണ്. മനുഷ്യരുടെ ജീവന്റെ വില. അവര്‍ മനുഷ്യരാണ്. അവര്‍ക്ക് കുടുംബം ഉണ്ട്. സുഹൃത്തുക്കള്‍ ഉണ്ട്. അവര്‍ പ്രിയപ്പെട്ടവരാണ്.’ – വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. സിഎന്‍എന്നില്‍ തത്സമയ ചര്‍ച്ചയ്ക്കിടെ ഹമാസ് ആക്രമണത്തെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ ജോണ്‍ കിര്‍ബി കണ്ണീരടക്കാന്‍ ശ്രമിച്ചു.

ആക്രമണത്തില്‍ 11 യുഎസ് പൗരന്മാരെങ്കിലും കൊല്ലപ്പെട്ടതായും നിരവധി പേര്‍ പലസ്തീന്‍ ഗ്രൂപ്പിന്റെ ബന്ദികളാണെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഗാസ നിവാസികളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ വ്യോമാക്രമണം തുടര്‍ന്നാല്‍ 150 ബന്ദികളെ കൊല്ലുമെന്ന് ഹമാസ് ഭീഷണിപ്പെടുത്തിയതും ഏറെ ആശങ്കയോടെയാണ് യുഎസ് നോക്കിക്കാണുന്നത്.

ഇസ്രയേലിനുള്ള പിന്തുണ പ്രകടിപ്പിക്കുന്നതിനായി ഒരു വിമാനവാഹിനിക്കപ്പല്‍ ഇസ്രായേലിലേക്ക് യുഎസ് അയ്ച്ചുകഴിഞ്ഞു. ”ഹൃദയം തകര്‍ക്കുന്ന” ആക്രമണത്തിന് ശേഷം ബന്ദികളെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളില്‍ പ്രധാന സഖ്യകക്ഷിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ബൈഡന്‍ വെളിപ്പെടുത്തി. ഗാസ മുനമ്പില്‍ ഇസ്രായേല്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ജലവിതരണം വിച്ഛേദിച്ചതിന് പിന്നാലെയാണ് ഹമാസ് ഭീഷണി ഉയര്‍ത്തിയത്. ഇതിനകം തന്നെ ഗുരുതരമായ സാഹചര്യം കൂടുതല്‍ വഷളാകുമെന്ന ഭയം ഈ നീക്കം ജനിപ്പിച്ചിട്ടുണ്ട്.

ഇസ്രയേലില്‍ 900-ലധികം ആളുകള്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ഇസ്രയേലിന്റെ തിരിച്ചടിയില്‍ മരണസംഖ്യ 687 ആയി ഉയര്‍ന്നു. ശനിയാഴ്ച ഹമാസ് പ്രവര്‍ത്തകര്‍ ആയിരക്കണക്കിന് റോക്കറ്റുകള്‍ തൊടുത്തുവിടുകയും ഗാസയുടെ സുരക്ഷാ തടസ്സം ഭേദിക്കുകയും സമീപത്തെ ഇസ്രായേലി പട്ടണങ്ങളും സൈനിക പോസ്റ്റുകളും ആക്രമിക്കുകയും ചെയ്തതോടെയാണ് ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷത്തിന് തുടക്കമായത്.

അതിക്രമിച്ചു കടന്നെത്തിയ ഹമാസ് തീവ്രവാദികള്‍ നാട്ടുകാര്‍ക്കും വഴിയാത്രക്കാര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ‘ഓപ്പറേഷന്‍ അല്‍-അഖ്‌സ ഫ്‌ലഡ്’ എന്നാണ് ആക്രമണത്തിന് ഹമാസ് നല്‍കിയ പേര്. ‘വെസ്റ്റ് ബാങ്കിലെ പ്രതിരോധ പോരാളികളോടും’ ‘അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളോടും’ യുദ്ധത്തില്‍ ചേരാന്‍ ഇവര്‍ ആഹ്വാനം ചെയ്തു. അതേസമയം ഗാസ മേഖല തങ്ങളുടെ വരുതിയിലാണെന്ന് ഇസ്രേലി സൈന്യം സമൂഹമാധ്യമത്തില്‍ ഇട്ട പോസ്റ്റില്‍ വ്യക്തമാകുന്നു.

അതേസമയം തട്ടിക്കൊണ്ടുപോയ അമേരിക്കന്‍-ഇസ്രായേല്‍ പൗരന്റെ മാതാപിതാക്കള്‍ ഹമാസ് ആക്രമണത്തിന് ശേഷം ജോ ബൈഡനോട് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേലിലെ യുഎസ് എംബസിക്ക് പുറത്ത് പ്രതിഷേധവുമായി രംഗത്തുവന്നു. ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സിലെ അംഗമായ 19-കാരനായ ഇറ്റായ് ചെന്‍ ന്യൂയോര്‍ക്ക് നഗരത്തിലാണ് ജനിച്ചത്. ഹമാസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി ഗാസ മുനമ്പില്‍ തടവിലാക്കിയ നിരവധി ആളുകളില്‍ ഒരാളാണ് അദ്ദേഹം.

‘ഞങ്ങളുടെ കുട്ടികളെ സുരക്ഷിതമായി വീട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഞങ്ങള്‍ പ്രസിഡന്റിനോട് ആവശ്യപ്പെടുന്നു,” – ഇറ്റയുടെ പിതാവ് റൂബി ചെന്‍ പറഞ്ഞു. ‘ഇറ്റയെ കണ്ടെത്താന്‍ സഹായിക്കുക’ എന്ന് എഴുതിയ ടി-ഷര്‍ട്ടുകള്‍ ധരിച്ചാണ് പിന്തുണയ്ക്കുന്നവര്‍ രംഗത്തുവന്നത്. ഇസ്രായേല്‍ സായുധ സേനയില്‍ സേവനമനുഷ്ഠിക്കുന്ന ഇറ്റായ് ആക്രമണ സമയത്ത് ഗാസ അതിര്‍ത്തിയിലായിരുന്നു.

ന്യൂയോര്‍ക്കിലാണ് അദ്ദേഹം വളര്‍ന്നത്, എന്നാല്‍ റൂബി പിന്നീട് തന്റെ കുടുംബത്തെ ഇസ്രായേലിലേക്ക് മാറ്റി. ഹമാസ് ആക്രമണത്തെ തുടര്‍ന്ന് മകനുമായി ബന്ധപ്പെടാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് കാണാതായവരെ തിരിച്ചറിയാന്‍ റൂബിയും ഭാര്യ ലെയ്റ്റി ചെനും ലാഹാവ് 433 കേന്ദ്രത്തിലെത്തി. അവന്റെ സ്റ്റാറ്റസ് മിസ്സിംഗ് ഇന്‍ ആക്ഷന്‍ ആണെന്ന് അവന്റെ മാതാപിതാക്കളെ ഔദ്യോഗികമായി അറിയിച്ചു. ആക്രമണങ്ങളില്‍ 11 അമേരിക്കക്കാരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. എത്ര അമേരിക്കക്കാരെ ബന്ദികളാക്കിയിട്ടുണ്ടെന്ന് ബൈഡന്‍ ഭരണകൂടം സ്ഥിരീകരിച്ചിട്ടില്ല.