ഹൈദരാബാദ്: ഇന്ത്യൻ ടെന്നിസ് ഇതിഹാസം സാനിയ മിർസയും ക്രിക്കറ്റിലെ സൂപ്പർ പേസർ മുഹമ്മദ് ഷമിയും വിവാഹിതരാകാൻ പോകുന്നെന്ന രീതിയിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി. സമൂഹ മാധ്യമങ്ങൾ മാത്രമല്ല, ദേശീയ മാധ്യമങ്ങൾ വരെ ഇതേറ്റുപിടിച്ചിരുന്നു. 

പാകിസ്താൻ ക്രിക്കറ്റർ ശുഐബ് മാലികുമായി മാസങ്ങൾക്ക് മുമ്പ് വിവാഹ ബന്ധം വേർപെടുത്തിയ സാനിയ മിർസയും ഭാര്യ ഹസിൻ ജഹാനുമായി പിരിഞ്ഞ മുഹമ്മദ് ഷമിയും ഒന്നിക്കുന്നെന്നാണ് പ്രചാരണമുണ്ടായത്. എന്നാൽ, ഇരുവരും ഇതിൽ പ്രതികരിച്ചിരുന്നില്ല. ഇതിനിടെ വ്യാജ വിവാഹ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. സാനിയയും ശുഐബ് മാലികും തമ്മിലുള്ള വിവാഹ ചിത്രം എഡിറ്റ് ചെയ്ത് ഷമിയുടെ ചിത്രം ചേർത്തായിരുന്നു പ്രചാരണം.

വിവാഹ പ്രചാരണം ശക്തമായതോടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സാനിയയുടെ പിതാവ് ഇമ്രാൻ മിർസ. ‘ഇതെല്ലാം അസംബന്ധമാണ്. അവൾ അവനെ കണ്ടിട്ടുപോലുമില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

കുടുംബാംഗങ്ങൾക്കൊപ്പം വിശുദ്ധ ഹജ്ജ് കർമത്തിനായി മക്കയിലെത്തിയ സാനിയ തിരിച്ചെത്തിയിട്ടില്ല. ഹജ്ജ് യാത്രക്കൊരുങ്ങുകയാണെന്ന് കാണിച്ച് ദിവസങ്ങൾക്ക് മുമ്പ് താരം ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. പുതിയ മനുഷ്യനായി തിരിച്ചെത്താനുള്ള യാത്രയിലാണെന്നും ആരോടെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പൊറുത്തു തരണമെന്നും കുറിപ്പിൽ അഭ്യർഥിച്ചിരുന്നു. കുടുംബാംഗങ്ങൾക്കൊപ്പം മക്കയിൽനിന്നുള്ള ഫോട്ടോകൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു.

‘പ്രിയ സുഹൃത്തുക്കളെ, വിശുദ്ധ ഹജ്ജ് യാത്രക്കുള്ള അവിശ്വസനീയമായ അവസരം ലഭിച്ചിരിക്കുന്നു. ഈ മഹായാത്രക്ക് തയാറെടുക്കുന്ന അവസരത്തിൽ തെറ്റുകൾക്കും പോരായ്മകൾക്കും ഞാൻ വിനയത്തോടെ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. പാപമോചനവും ആത്മീയ നവീകരണവും തേടിയുള്ള ഈ യാത്രയിൽ എന്റെ ഹൃദയം നന്ദിയാൽ നിറഞ്ഞുകവിയുകയാണ്. അല്ലാഹു എന്റെ പ്രാർഥന സ്വീകരിച്ച് അനുഗ്രൃഹീതമായ പാതയിൽ എന്നെ നയിക്കട്ടെ. ഞാൻ അങ്ങേയറ്റം ഭാഗ്യവതിയാണ്. അതോടൊപ്പം അങ്ങേയറ്റം നന്ദിയുള്ളവളും. നിങ്ങളുടെ പ്രാർഥനകളിൽ എന്നെയും ഉൾപ്പെടുത്തുക. എളിമയുള്ള ഹൃദയവും കരുത്തുറ്റ ഈമാനുമുള്ള മനുഷ്യനായി തിരിച്ചുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”-എന്നിങ്ങനെയായിരുന്നു സാനിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.