പുന്നയൂര്‍ക്കുളം: സ്‌കൂള്‍ വിദ്യാര്‍ഥികളെ ഓട്ടോയില്‍ വീടുകളിലേക്ക് എത്തിക്കുന്നതിനിടെ ഹൃദയാഘാതം മൂലം ഡ്രൈവര്‍ മരിച്ചു. കോട്ടേപ്പാട്ട് ബാബു( 55) വാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലോടെ ചെറായി പൊന്നരാശ്ശേരിയിലാണ് സംഭവം.
എന്നത്തെയുംപോലെ ഇന്നലെയും സന്തോഷത്തോെടയായിരുന്നു സ്‌കൂളില്‍നിന്ന് ഓട്ടോയില്‍ ബാബുച്ചേട്ടനൊപ്പം കുട്ടികളുടെ വീട്ടിലേക്കുളള മടക്കം. എന്നാല്‍ വണ്ടി പെട്ടന്ന് ഒതുക്കി ഡ്രൈവിങ് സീറ്റില്‍ തലതാഴ്ത്തിയിരിക്കുന്ന ബാബുവിനെ കുട്ടികള്‍ പെട്ടന്ന് ശ്രദ്ധിച്ചു. വിളിച്ചിട്ടും എഴുന്നേല്‍ക്കാതായപ്പോള്‍ വണ്ടിയിലുണ്ടായിരുന്ന ആറ് പേരും കരച്ചിലായി. കുട്ടികളുടെ കരച്ചില്‍ കേട്ട് ഇതുവഴി വന്ന യാത്രക്കാര്‍ ബാബുവിനെ അടുത്ത വീട്ടിലേക്ക് കയറ്റിക്കിടത്തി. വായില്‍നിന്ന് നുരയും പതയും വന്നതുകണ്ട് അപസ്മാരമാണെന്നാണ് ആദ്യം കരുതിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
യാത്രക്കിടെ കുഴഞ്ഞുവീണെങ്കിലും തന്റെ കൂടെ യാത്രചെയ്ത കുരുന്നുജീവനുകള്‍ സുരക്ഷിതമാക്കിയാണ് ബാബു മടങ്ങിയത്. ഒരു വര്‍ഷത്തോളമായി ബാബു ചെറായി ഗവ.യുപി സ്‌കൂളില്‍നിന്ന് കുട്ടികളുടെ ട്രിപ്പ് എടുക്കാന്‍ തുടങ്ങിയിട്ട്. ഇടയ്ക്ക് വിദേശത്ത് പോയ ബാബു പിന്നീട് മടങ്ങിവന്ന് സ്‌കൂള്‍ ട്രിപ്പ് തുടങ്ങുകയായിരുന്നു. ഭാര്യ: രജിത. മകള്‍: അശ്വനി. സംസ്‌കാരം ചൊവ്വാഴ്ച.