പത്തനംതിട്ട: സ്കൂൾ വിദ്യാർത്ഥിനിയായ മകളോട് ബസിൽ വച്ച് മോശമായി പെരുമാറിയ കണ്ടക്ടറുടെ മൂക്കിൻ്റെ പാലം അമ്മ അടിച്ചു തകര്‍ത്തു. പത്തനംതിട്ട ഏനാത്താണ് സംഭവം. ബസ് കണ്ടക്ടറായ 59 കാരൻ രാധാകൃഷ്ണപിള്ളയുടെ മൂക്കിൻ്റെ പാലമാണ് പെൺകുട്ടിയുടെ അമ്മ അടിച്ചുതകര്‍ത്തത്. ബസിൽ വെച്ച് നേരിട്ട ദുരനുഭവം മകൾ പറഞ്ഞതറിഞ്ഞാണ് അമ്മ എത്തിയത്. ബസ് കണ്ടക്ടര്‍ രാധാകൃഷ്ണപിള്ളയുടെ മുഖത്താണ് അമ്മ അടിച്ചത്. അടൂർ മുണ്ടപ്പള്ളി സ്വദേശിയാണ് അടിയേറ്റ് മൂക്കിൻ്റെ പാലം തകര്‍ന്ന രാധാകൃഷ്ണ പിള്ള. ഇയാൾക്ക് എതിരെ പോക്സോ നിയമ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

സ്കൂൾ വിട്ട് വീട്ടിലേക്ക് പോയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയോടാണ് പ്രതി സ്വകാര്യ ബസിൽ വച്ച് അപമര്യാദയായി പെരുമാറിയത്. ബസിറങ്ങിയ ഉടൻ പെൺകുട്ടി അമ്മയെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞു. ഉടനെ സ്ഥലത്തെത്തിയ അമ്മ തൊട്ടടുത്ത കടയിൽ പ്രതിയെ കണ്ട് കാര്യം ചോദിച്ചു. വാക്കുതര്‍ക്കത്തിനൊടുവിൽ പ്രതി അമ്മയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഇവര്‍ മര്‍ദ്ദിച്ചെന്നാണ് വിവരം. പ്രതിയെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയ്ക്ക് എതിരെ കണ്ടക്ടറെ മര്‍ദ്ദിച്ച് പരിക്കേൽപ്പിച്ചതിന് കേസെടുക്കുമെന്നാണ് വിവരം.