കോവിഡ് മരണങ്ങള്‍ കുത്തനെ ഉയരുന്നതിനിടെ ഗംഗ നദിയിലൂടെ നൂറുകണക്കിന് മൃതദേഹങ്ങള്‍ ഒഴുകുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. കൂടുതല്‍ ആശങ്കയുണര്‍ത്തി ഉത്തര്‍പ്രദേശില്‍നിന്നു തന്നെ സമാനമായ കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവരികയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ യുപിയിലെ ഗംഗാതീരങ്ങളിലായി 2,000ത്തിലേറെ മൃതദേഹങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലാണ് ഇത്തരത്തില്‍ തിടുക്കത്തില്‍ അടക്കം ചെയ്യപ്പെട്ടതോ ഉപേക്ഷിക്കപ്പെട്ടതോ ആയ നൂറുകണക്കിനു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കോവിഡ് രൂക്ഷമായി ബാധിച്ച ഗാസിയാബാദ്, കാണ്‍പൂര്‍, ഉന്നാവോ, ഗാസിപൂര്‍, കന്നൗജ്, ബല്ലിയ പ്രദേശങ്ങളിലാണ് വ്യാപകമായി മൃതദേഹങ്ങള്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നത്.കഴിഞ്ഞ ആഴ്ച മാത്രം ഇത്തരത്തില്‍ ഉന്നാവോയിലെ ഗംഗാതീരത്തായി 900ത്തോളം മൃതദേഹങ്ങള്‍ അടക്കം ചെയ്തിട്ടുണ്ടെന്ന് ഹിന്ദി ദിനപത്രം ദൈനിക് ഭാസ്‌കര്‍ റിപ്പോര്‍ട്ട് ചെയ്തു. കാണ്‍പൂരില്‍ 400, കന്നൗജില്‍ 350, ഗാസിപൂരില്‍ 280 എന്നിങ്ങനെയും മൃതദേഹങ്ങള്‍ കണ്ടെത്തി. തങ്ങളുടെ ഉറ്റവരും ഉടയവരുമായവരെ കൃത്യമായി സംസ്‌കരിക്കാനും മരണാനന്തര കൃത്യങ്ങള്‍ നടത്താനും പണമില്ലാത്തതിനാലാണ് ഇത്തരത്തില്‍ ഗംഗാതീരത്ത് കുഴിച്ചിട്ടിരിക്കുന്നതെന്ന് ചില ബന്ധുക്കള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് വെളിപ്പെടുത്തി.

പലയിടത്തും കനത്ത മഴയെത്തുടര്‍ന്നാണ് ഗംഗാതീരത്തെ മണല്‍ നീങ്ങി മൃതദേഹങ്ങള്‍ പുറത്തെത്തിയിരിക്കുന്നത്. നിരവധി മൃതദേഹങ്ങള്‍ നദിയില്‍ ഒഴുകുന്ന നിലയിലും കണ്ടെത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ബല്ലിയ, ഗാസിപൂര്‍ ജില്ലകളിലും ബിഹാറിലെ ബക്‌സര്‍, പാട്‌ന ജില്ലകളിലുമായി ഗംഗാ നദിയിലൂടെ 150ലേറെ മൃതദേഹങ്ങള്‍ ഒഴുകിവരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.