വായ്പ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഐ.സി.ഐ.സി.ഐ ബാങ്ക് മുന്‍ മേധാവി ചന്ദ കൊച്ചാറിനും ഭര്‍ത്താവ് ദീപക് കൊച്ചാറിനും ജാമ്യം അനുവദിച്ച് ബോംബെ ഹൈകോടതി. ഐ.സി.ഐ.സി.ഐ- വീഡിയോകോണ്‍ തട്ടിപ്പ് കേസില്‍ ഡിസംബര്‍ 23നാണ് ഇരുവരെയും സി.ബി.ഐ അറസ്റ്റ് ചെയ്തത്. നിയമം അനുസരിച്ചല്ല അറസ്‌റ്റെന്ന് കോടതി നിരീക്ഷിച്ചു. ഒരു ലക്ഷം രൂപയുടെ ജാമ്യതുക കെട്ടി വയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
സിബിഐയുടെ നിയമവിരുദ്ധ അറസ്റ്റിനെതിരെ ഐസിഐസിഐ ബാങ്ക് മുന്‍ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ (സിഇഒ) ചന്ദ കൊച്ചാറും അവരുടെ ഭര്‍ത്താവ് ദീപക് കൊച്ചാറും സമര്‍പ്പിച്ച ഹര്‍ജികളിലാണ് ബോംബെ ഹൈക്കോടതി വിധി പറഞ്ഞത്. വീഡിയോകോണ്‍-ഐസിഐസിഐ ബാങ്ക് വായ്പാ കേസുമായി ബന്ധപ്പെട്ട് ഡിസംബര്‍ 25നാണ് ഇരുവരെയും സിബിഐ അറസ്റ്റ് ചെയ്തത്. മകന്റെ വിവാഹം ഈ മാസം നടക്കാനിരിക്കെയാണ് ചന്ദ കൊച്ചാറിനും ഭര്‍ത്താവ് ദീപക് കൊച്ചാറിനും ജാമ്യം നേടി പുറത്തിറങ്ങുന്നത്.
ക്രിമിനല്‍ നടപടിച്ചട്ടം സെക്ഷന്‍ 46(4) പ്രകാരം ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ സാന്നിധ്യമില്ലാതിരുന്നതിനാല്‍ സിബിഐ അറസ്റ്റ് ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ചന്ദ കൊച്ചാറും ദീപക് കൊച്ചാറും കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍, അറസ്റ്റിനിടെ നിയമപരമോ ഭരണഘടനാപരമോ ആയ വകുപ്പുകളുടെ ലംഘനമൊന്നും ഉണ്ടായിട്ടില്ലെന്ന് സിബിഐയും വാദിച്ചു.
ചന്ദ കൊച്ചാര്‍ മേധാവിയായിരിക്കെ ഐ.സി.ഐ.സി.ഐ ബാങ്ക് വായ്പ നിയമങ്ങളും റിസര്‍വ് ബാങ്ക് ചട്ടങ്ങളും ലംഘിച്ച് വിഡിയോകോണ്‍ കമ്പനിക്ക് പല ഘട്ടങ്ങളിലായി 3,250 കോടി രൂപയോളം വായ്പ അനുവദിച്ചെന്നും ഇതിനുപുറകെ വിഡിയോകോണ്‍ ചന്ദയുടെ ഭര്‍ത്താവ് ദീപക് കൊച്ചാറിന്റെ കമ്പനിക്ക് 64 കോടി രൂപ നല്‍കിയെന്നുമാണ് കേസ്.
വിഡിയോകോണ്‍ ഗ്രൂപ് മേധാവി വേണുഗോപാല്‍ ദൂതും ഗ്രൂപ്പിനു കീഴിലെ കമ്പനികളും ദീപക് കൊച്ചാറിന്റെ കമ്പനികളും കേസില്‍ പ്രതികളാണ്. ഗൂഢാലോചനക്ക് ഇന്ത്യന്‍ ശിക്ഷ നിയമത്തിലെയും അഴിമതി നിരോധന നിയമത്തിലെയും വകുപ്പുകള്‍ ചുമത്തിയാണ് കേസ്.