ചാറ്റ്ജിപിടി രോഗനിർണയത്തിന് സഹാച്ചതിനാൽ തന്റെ ജീവൻ രക്ഷപ്പെട്ടെന്ന് യുവാവ്. വർക്കൗട്ടിനെ തുടർന്ന് ക്ഷീണം അനുഭവപ്പെട്ടപ്പോൾ നിർമിതബുദ്ധി ചാറ്റ്ബോട്ട് ആയ ചാറ്റ്ജിപിടിയാണ് രോഗം കണ്ടുപിടിക്കാൻ തന്നെ സഹായിച്ചതെന്നും അത് തന്റെ ആരോഗ്യസ്ഥിതി മോശമാകാതിരിക്കാൻ സഹായിച്ചെന്നുമാണ് യുവാവ് പറയുന്നത്.

‘ചാറ്റ്ജിപിടി എന്റെ ജീവൻ രക്ഷിച്ചു’ എന്ന് തുടങ്ങുന്ന കുറിപ്പ് റെഡ്ഡിറ്റിൽ പങ്കുവെച്ചുകൊണ്ടാണ് യുവാവ് തൻറെ അനുഭവം വിവരിക്കുന്നത്. ഒരാഴ്ച മുമ്പാണ് വർക്കൗട്ടിന് പോകാൻ തീരുമാനിച്ചത്. പുഷ്-അപ്പ്, സ്ക്വാട്സ്, പ്ലാൻക്സ് എന്നിവമാത്രമാണ് വ്യായാമമായി ചെയ്തതെന്ന് കുറിപ്പിൽ പറയുന്നു. കാപ്പി അധികം കുടിച്ചതിനാൽ ശരീരത്തിൽ നിർജലീകരണം സംഭവിച്ചു. രണ്ട് ദിവസത്തിലധികം വയ്യാതെ കിടന്നു. ശേഷം ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ രോഗമെന്താണെന്നറിയാൻ ചാറ്റ്ജിപിടിയെ ആശ്രയിക്കുകയായിരുന്നു. 

ലക്ഷണങ്ങൾ സംബന്ധിച്ച വിവരം നൽകിയതോടെ തനിക്ക് റാബ്ഡോമയോലൈസിസ് (Rhabdomyolysis) എന്ന അവസ്ഥയാണെന്നും ഉടൻ വൈദ്യസഹായം നേടണമെന്നും ചാറ്റ്ജിപിടി നിർദേശിക്കുകയായിരുന്നു. ഇതിനേക്കുറിച്ച് കൂടുതൽ പഠനം നടത്തിയശേഷം ചാറ്റ്ജിപിടി പറഞ്ഞത് ശരിയാണെന്ന് മനസ്സിലാകുകയും ഉടൻ ആശുപത്രിയിലേക്ക് പുറപ്പെടുകയും ചെയ്തെന്നും ഇയാൾ വ്യക്തമാക്കുന്നു.

ലാബ് പരിശോധനകൾക്ക് ശേഷം ‘റാബ്ഡോമയോലൈസിസ്’ സംഭവിച്ചിരിക്കുകയാണെന്ന് തെളിഞ്ഞു. ശീലമില്ലാത്തതും കഠിനവുമായ വ്യായാമങ്ങൾ ചെയ്യുമ്പോൾ പേശികൾക്ക് ക്ഷതം സംഭവിക്കുന്നു. ഇതിനെ തുടർന്നുണ്ടാവുന്ന അവസ്ഥയെയാണ് റാബ്ഡോമയോലൈസിസ് എന്ന് പറയുന്നത്. ഈ അവസ്ഥ വൃക്കസ്തംഭനത്തിന് കാരണമാകാം. ഹൃദയത്തിൽനിന്ന് പുറപ്പെടുന്ന രക്തത്തിന്റെ 20 ശതമാനവും വൃക്കകളിലൂടെ കടന്നുപോകുന്നു. അതുകൊണ്ട് ശരീരത്തിലെ ഏത് ഭാഗത്ത് കേടുപാട് സംഭവിച്ചാലും അത് വൃക്കകളെയും ബാധിക്കാം.

രോഗം സ്ഥിരീകരിച്ചതോടെ ഒരാഴ്ച ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. ലാബിലെ പരിശോധനാഫലങ്ങൾ വിശകലനം ചെയ്യാനും ചാറ്റ്ജിപിടി ഉപയോഗിച്ചതായി ഇയാൾ വെളിപ്പെടുത്തി. മെഡിക്കൽ സംഘം പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് അതിലും കാണാനായത്. അതുകൊണ്ടുതന്നെ എന്താണ് സംഭവിക്കുന്നതെന്ന് ഡോക്ടർ പറയുന്നതിന് മുമ്പുതന്നെ താൻ ചാറ്റ്ജിപിടിയോട് ചോദിച്ച് മനസ്സിലാക്കിയിരുന്നുവെന്നും കുറിപ്പിൽ പറഞ്ഞു.