നാടിനെ നടുക്കിയ കൊലപാതകത്തിൻ്റെ ഞെട്ടലിലാണ് കൊല്ലം നഗരവാസികൾ.നഗരത്തിലെ ചെമ്മാൻമുക്കിലെ ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണു ദാരുണ സംഭവം അരങ്ങേറിയത്. 

കൊല്ലം നഗരത്തിൽ കടപ്പാക്കട നായേഴ്സ് ജംക്‌ഷനു സമീപം ബേക്കറി നടത്തുന്ന കൊട്ടിയം തഴുത്തല തുണ്ടിൽ വീട്ടിൽ അനില (44)യെയാണ് ഭർത്താവ് നാടകീയമായി തീകൊളുത്തി കൊലപ്പെടുത്തിയത്. പൊള്ളലേറ്റ ഒപ്പമുണ്ടായിരുന്ന തഴുത്തല സ്വദേശി സോണിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയശേഷം ഓട്ടോറിക്ഷ വിളിച്ച് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തി പദ്മരാജന്‍.പിന്നീട് പോലീസുകാര്‍ക്കു മുന്നില്‍ എല്ലാം താനാണ് ചെയ്തെന്ന് പറഞ്ഞ് കുറ്റം സമ്മതിച്ചു. ഇരുവരും തമ്മിലുണ്ടായ തര്‍ക്കവും കച്ചവടത്തിലെ പങ്കാളിയുമായുള്ള അടുപ്പം സംബന്ധിച്ച വഴക്കുമെല്ലാം അക്കമിട്ടു നിരത്തി. ഭാര്യയുടെ ബേക്കറിയില്‍ പങ്കാളിയായ യുവാവ് തന്നെ മര്‍ദിച്ചു പരിക്കേല്‍പ്പിച്ച കാല്‍ കാട്ടിക്കൊടുത്തു.