കാസര്‍ഗോഡ് നായന്മാര്മൂല പാണലത്ത് ഭര്‍തൃവീട്ടുകാരുടെ പീഡനത്തെ തുടര്‍ന്ന് യുവതി ആസിഡ് കഴിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് ആദിലിനെ റിമാന്‍ഡ് ചെയ്തു. നേരത്തെ കസ്റ്റഡിയിലെടുത്ത ആദിലിനെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് ആത്മഹത്യ പ്രേരണകുറ്റം, സ്ത്രീധനം ചോദിച്ചുള്ള പീഡനം എന്നി വകുപ്പുകള്‍ ചുമത്തി വിദ്യാനഗര്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ ഭര്‍തൃ മാതാവിനെ കൂടി പ്രതി ചേര്‍ത്തിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ടാണ് 24 കാരിയായ ഫാത്തിമത്ത് സുഫൈദ ഭര്‍തൃ വീട്ടുകാര്‍ക്ക് മുന്നില്‍ വച്ച് ആസിഡ് കഴിച്ചത്. ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഒരു വര്‍ഷം മുന്‍പാണ് സുഫൈദയും ആദിലും തമ്മിലുള്ള വിവാഹം നടന്നത്. തുടര്‍ന്ന് ഇങ്ങോട്ട് സ്വര്‍ണം ആവശ്യപ്പെട്ട് നിരന്തരം പീഡനം ഉണ്ടായിരുന്നതായി സുഫൈദയുടെ കുടുംബം പരാതിപ്പെട്ടിരുന്നു.
ശനിയാഴ്ച സുഫൈദയെയും അവരുടെ രണ്ടുമാസം പ്രായമായ കുഞ്ഞിനെയും നെല്ലിക്കട്ട ചര്‍ളടുക്കയിലെ വീട്ടിലേക്ക് തിരിച്ചുകൊണ്ടു പോകാന്‍ ഉമ്മയും സഹോദരനും എത്തിയ സമയത്താണ് യുവതി ആസിഡ് കഴിച്ചത്.



