വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി സർക്കാർ ഇതുവരെ ചെലവഴിച്ചത് 108.21 കോടി രൂപയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഉരുൾപ്പൊട്ടലിൽ മരിച്ചവരുടെ ശവസംസ്‌കാരം മുതൽ പുനരധിവാസത്തിനുള്ള ഭൂമി ഏറ്റെടുത്തത് വരെയുള്ള കണക്കുകളാണ് സർക്കാർ പുറത്തുവിട്ടത്. ഉരുൾപ്പൊട്ടൽ പുനരധിവാസവുമായി ബന്ധപ്പെട്ട് വയനാട് കലക്ടറേറ്റിൽ നടന്ന യോഗത്തിൽ റവന്യൂമന്ത്രി കെ രാജനാണ് സർക്കാർ ചെലവിട്ട തുക സംബന്ധിച്ച് പ്രതികരിച്ചത്. ദുരിത ബാധിതരുടെ പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റിൽ ഭൂമി ഏറ്റെടുത്തതിന് 43.77 കോടി രൂപയും മരണപ്പെട്ടവരുടെ കടുംബാംഗങ്ങൾക്കായി (220) 13.3 കോടിയും നൽകി. വീടിന് പകരം 15 ലക്ഷം രൂപ വീതം 104 പേർക്ക് 15.6 കോടി രൂപ ധനസഹായം നൽകി. ജീവിതോപാധിയായി 1133 പേർക്ക് 10.1 കോടിയും ടൗൺഷിപ്പ് സ്പെഷ്യൽ ഓഫീസ് പ്രവർത്തനത്തിന് 20 കോടിയും അനുവദിച്ചു. അടിയന്തര ധനസഹായമായി 1.3 കോടിയും വാടകയിനത്തിൽ 4.3 കോടിയും നൽകി. പരിക്ക് പറ്റിയവർക്ക് 18.86 ലക്ഷവും ശവസംസ്‌കാര ചടങ്ങുകൾക്കായി 17.4 ലക്ഷവും നൽകിയെന്നും മന്ത്രി അറിയിച്ചു.
ടൗൺഷിപ്പ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാനും ബന്ധപ്പെട്ട ഏജൻസികൾക്ക് മന്ത്രി നിർദ്ദേശം നൽകി. പുന്നപ്പുഴയിലെ ഉരുൾപൊട്ടൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന് കൂടുതൽ യന്ത്രങ്ങൾ ഉപയോഗിക്കാനും മന്ത്രി നിർദേശം നൽകി. സർക്കാർ ദുരന്ത ബാധിതരോട് അനുഭാവ പൂർണ്ണമായ സമീപനമാണ് സ്വീകരിക്കുന്നത്. കുടുംബശ്രീയുടെ മൈക്രോ പ്ലാൻ നടപ്പാക്കുന്നതിന് 3.6 കോടി രൂപ അനുവദിച്ചതായും മന്ത്രി യോഗത്തിൽ വ്യക്തമാക്കി. യോഗത്തിൽ ജില്ലാ കലക്റ്റർ ഡി ആർ മേഘശ്രീ, എ.ഡി. എം കെ. ദേവകി, സബ് കളക്റ്റർ മിസാൽ സാഗർ ഭരത്, അസിസ്റ്റന്റ് കളക്റ്റർ അർച്ചന പി പി, ചൂരൽമല പുനരധിവാസ സ്പെഷ്യൽ ഓഫീസർ മൻമോഹൻ സി വി, ഡി ഡി എം എ സ്പെഷ്യൽ ഓഫീസർ അശ്വിൻ പി കുമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.