ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പുകൾ ആരംഭിച്ച് പാർട്ടികളും മുന്നണികളും. നവംബർ ആദ്യവാരം തെരഞ്ഞെടുപ്പ് നടന്നേക്കും എന്നാണ് സൂചന. വോട്ടർ പട്ടിക പരിഷ്കരിക്കാനുള്ള രേഖകളിൽ നിന്നും ആധാർ ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിൻറെ തീരുമാനം. ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ മുന്നണി സമവാക്യങ്ങൾ വിപുലീകരിച്ച് സ്ഥാനാർത്ഥി ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ് പാർട്ടികൾ. ആർജെഡിയും കോൺഗ്രസും നേതൃത്വം നൽകുന്ന വിശാലസഖ്യത്തിൽ എഐഎംഐഎമ്മിനെ ഉൾപെടുത്തണമെന്നു ആവശ്യപ്പെട്ട് അസദുദിൻ ഉവൈസി ആർജെഡിയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. മജ്‍ലിസ് പാർട്ടി ബിജെപിയുടെ ബി ടീം ആണെ ആണെന്ന വിമർശനം ഉയർത്തുമ്പോഴും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ മജ്‍ലിസ് പാർട്ടിയുടെ പ്രവർത്തനം വിജയസാധ്യതയുള്ള സീറ്റുകൾ പോലും ആർജെഡിയെ രണ്ടാമത് എത്തിച്ചു.

സീമാഞ്ചൽ മേഖലയിൽ ആർജെഡി നേടിയ മേൽക്കൈ ഇത്തവണ ആവർത്തിക്കാതിരിക്കാൻ കരുതലോടെയാണ് ഇൻഡ്യാ സഖ്യം നീങ്ങുന്നത്. അതിനിടെ സംസ്ഥാനത്തെ 1.5 കോടി കുടുംബങ്ങളിലേക്കുള്ള ബൂത്ത് ലെവൽ ഓഫീസർമാരുടെ ആദ്യ സന്ദർശനം ഇന്നലെ പൂർത്തിയായിട്ടുണ്ട്. വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ബീഹാർ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഇന്നലെ തേജസ്വി യാദവ് ചർച്ച നടത്തിയിരുന്നു. ഡൽഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഇവിടെ തീരുമാനങ്ങൾ എടുക്കുന്നതിന് പിന്നിൽ വലിയ രാഷ്ട്രീയ അജണ്ടകൾ ഉണ്ടെന്നും തേജസ്വി വിമർശിച്ചു. കമ്മീഷൻറെ നീക്കത്തിനെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ ആണ് പ്രതിപക്ഷത്തിൻറെ തീരുമാനം. അതിനിടെ ബിഹാറിൽ മഹിളാ കോൺഗ്രസിൻറെ നേതൃത്വത്തിൽ സാനിറ്ററി നാപ്കിൻസ് വിതരണം ചെയ്യുന്നതിൽ ശക്തമായ വിമർശനമാണ് ബിജെപി ഉയർത്തുന്നത്.