ലോസ് ഏഞ്ചൽസ്‌: അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ പടർന്നുപിടിക്കുന്ന കാട്ടുതീ നിയന്ത്രിക്കാൻ പാടുപെട്ട് അഗ്നിശമന സേന അംഗങ്ങൾ. ആവശ്യത്തിന് വെള്ളം ലഭിക്കാത്തതും, അമിത ഉപഭോഗം ഭൂഗർഭ ജലവിതാനത്തെ ബാധിക്കുമെന്ന ഭരണകൂടത്തിന്റെ ആശങ്കയുമാണ് കാരണം. തീപിടിത്തം ഉണ്ടായ പല പ്രദേശങ്ങളിലെയും വാട്ടർ ഹൈഡ്രന്റുകളിൽ വെള്ളം തീർന്നതിനാൽ എന്തുചെയ്യണമെന്ന ആശങ്കയിലാണ് പ്രാദേശിക ഭരണകൂടങ്ങൾ.

‘ലോസ് ഏഞ്ചൽസ് ടൈംസ്’ റിപ്പോർട്ട് പ്രകാരം പ്രദേശത്ത് പടർന്നുപിടിച്ച തീ അണയ്ക്കാൻ ആവശ്യമായ വെള്ളമില്ലാത്തത് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. തീ അണയ്ക്കാനായി കുറഞ്ഞ സമയത്തിനുള്ളിൽ കണക്കില്ലാതെ വെള്ളം എടുത്തതാണ് പ്രതിസന്ധിയുണ്ടാക്കിയത്. തീ വയ്ക്കാനായി ഡിസൈൻ ചെയ്യപ്പെട്ടിട്ടുള്ളവയല്ല ഇത്തരം വാട്ടർ ഹൈഡ്രന്റുകൾ എന്നതും പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുകയാണ്.