ഹോർമുസ് കടലിടുക്ക് ഉടൻ തുറന്നില്ലെങ്കിൽ ഇറാന്റെ എണ്ണപ്പാടങ്ങളും വൈദ്യുതി നിലയങ്ങളും ഖാർഗ് ദ്വീപ് ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളും തകർക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് ഭീഷണി മുഴക്കി. സമാധാന കരാറിൽ ഉടൻ എത്തിയില്ലെങ്കിൽ ഇറാന്റെ ഊർജ്ജ-സാമ്പത്തിക മേഖലകളെ പൂർണ്ണമായും ഇല്ലാതാക്കുന്ന സൈനിക നീക്കം അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകി.
സമാധാന ചർച്ചകളിൽ ചില പുരോഗതികൾ ഉണ്ടായിട്ടുണ്ടെങ്കിലും കരാറിൽ എത്തിയില്ലെങ്കിൽ ഇറാന്റെ പൗരൻമാർക്കായുള്ള വൈദ്യുതി നിലയങ്ങളും എണ്ണക്കിണറുകളും തകർക്കാനാണ് ട്രംപിന്റെ തീരുമാനം. ഹോർമുസ് കടലിടുക്ക് ഉടൻ ‘ബിസിനസ്സിനായി തുറന്നു’ കൊടുക്കണം, അല്ലാത്തപക്ഷം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്റെ 47 വർഷത്തെ ‘ഭീകരഭരണത്തിന്’ പകരമായി തങ്ങൾ ഇതുവരെ തൊടാത്ത ഇത്തരം കേന്ദ്രങ്ങൾ പൂർണ്ണമായും നശിപ്പിക്കുമെന്നും അദ്ദേഹം അന്ത്യശാസനം നൽകി.



