ഇറാനെതിരെയുള്ള യുദ്ധവുമായി മുന്നോട്ട് പോകുന്നതിൽ നിന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ തടയുന്നതിനുള്ള നിർണ്ണായക പ്രമേയം യു.എസ് പ്രതിനിധി സഭ  പാസ്സാക്കി. മൂന്ന് മാസത്തിലേറെയായി തുടരുന്ന ഈ സൈനിക സംഘർഷത്തിൽ ട്രംപിന്റെ സ്വന്തം പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിയിലെ അംഗങ്ങൾക്ക് തന്നെയുള്ള കടുത്ത ആശങ്കയാണ് ഈ വോട്ടെടുപ്പിലൂടെ പുറത്തുവന്നിരിക്കുന്നത്. വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്.

ഡെമോക്രാറ്റുകൾ കൊണ്ടുവന്ന ഈ ‘വാർ പവേഴ്‌സ് പ്രമേയം’  208-നെതിരെ 215 വോട്ടുകൾക്കാണ് ജനപ്രതിനിധി സഭ പാസ്സാക്കിയത്. കോൺഗ്രസ് ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിക്കുകയോ സൈനിക ശക്തി ഉപയോഗിക്കാൻ അനുമതി നൽകുകയോ ചെയ്യാത്ത പക്ഷം ഇറാനിൽ നിന്ന് യു.എസ് സൈന്യത്തെ പിൻവലിക്കാൻ ഈ പ്രമേയം ട്രംപിനോട് ആവശ്യപ്പെടുന്നു.

സഭയിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുണ്ടായിരുന്നിട്ടും ടോം ബാരറ്റ് (മിഷിഗൺ), വാറൻ ഡേവിഡ്‌സൺ (ഓഹിയോ), ബ്രയാൻ ഫിറ്റ്‌സ്‌പാട്രിക് (പെൻസിൽവേനിയ), തോമസ് മാസി (കെന്റക്കി) എന്നീ നാല് റിപ്പബ്ലിക്കൻ പ്രതിനിധികൾ ഡെമോക്രാറ്റുകൾക്കൊപ്പം പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത് ട്രംപിന് വലിയ തിരിച്ചടിയായി. ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്ന് ആരും തന്നെ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തില്ല.

നിലവിൽ പ്രതിനിധി സഭയിൽ പാസ്സായെങ്കിലും ഈ പ്രമേയം പ്രാബല്യത്തിൽ വരണമെങ്കിൽ സെനറ്റിന്റെ  കൂടി അംഗീകാരം ലഭിക്കേണ്ടതുണ്ട്. അതിനാൽ താല്ക്കാലികമായി ഇതൊരു പ്രതീകാത്മകമായ നീക്കമാണെങ്കിലും, പ്രസിഡന്റിന്റെ യുദ്ധാധികാരങ്ങളെ നിയന്ത്രിക്കാൻ ഇരുപാർട്ടികളിലെയും അംഗങ്ങൾ ഒരുമിച്ചുനിന്നു എന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ ഫെബ്രുവരി 28-ന് ഇറാന് നേരെ യു.എസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണം ആരംഭിച്ചതു മുതൽ യുഎസിൽ പെട്രോൾ, ഭക്ഷണം എന്നിവയുൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾക്ക് വൻ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. കൃത്യമായ തന്ത്രങ്ങളില്ലാതെ ട്രംപ് രാജ്യത്തെ മറ്റൊരു ദീർഘകാല യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന് ഡെമോക്രാറ്റുകൾ ആരോപിക്കുന്നു.