വഖഫ് ഇസ്‌ലാം മതത്തിൽ അനിവാര്യമായ ഒരു ആചാരമല്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. വഖഫ് ഭേദഗതി നിയമത്തിനെതിരെ സമർപ്പിച്ച ഹരജികളിൽ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

വഖഫ് ഇസ്‌ലാമിന്റെ അവിഭാജ്യ ഘടകമല്ല. മറ്റു മതങ്ങളിൽ ഉള്ളതുപോലെയാണ് ഇസ്‌ലാമിലും ചാരിറ്റിയുള്ളത്. വെറും ദാനധർമ്മമല്ലാതെ മറ്റൊന്നുമല്ല. ദാനധർമ്മം എല്ലാ മതങ്ങളുടെയും ഭാഗമാണ്. ക്രിസ്തുമതത്തിലും അതുണ്ട്. ഹിന്ദുക്കൾക്ക് ദാന സമ്പ്രദായമുണ്ട്. സിഖുകാർക്കും ഉണ്ട് -കേന്ദ്രം പറഞ്ഞു. 1954-ലെ നിയമത്തിലൂടെയാണ് വഖഫ് ബൈ യൂസർ കൊണ്ടുവന്നത്. ഇതിൽ ചില ഭേദഗതികൾ കൊണ്ടുവരികയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. അതുകൊണ്ട് തിരക്കിട്ട് ഒരു ഇടക്കാല ഉത്തരവ് ഉണ്ടാകരുതെന്നും സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത ആവശ്യപ്പെട്ടു.

വഖഫ് ഒരു പള്ളിയോ ദർഗയോ മാത്രമല്ല അത് ഒരു സ്‌കൂളോ അനാഥാലയമോ ആകാം. വഖഫായി മാറാൻ കഴിയുന്ന നിരവധി മതേതര ചാരിറ്റബിൾ സ്ഥാപനങ്ങളുണ്ട്. മുസ്‌ലിംകളല്ലാത്തവർക്കും വഖഫ് ചെയ്യാമെന്നതുകൊണ്ട് മുസ്‌ലിംകളല്ലാത്തവർക്കും വഖഫ് ബോർഡിൽ പ്രാതിനിധ്യം നൽകാമെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു. രാജ്യത്തുടനീളം വിവിധ തുറകളിൽനിന്ന് അഭിപ്രായങ്ങൾ ശേഖരിച്ച്, സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ വിശദമായ ചർച്ചകൾക്ക് ശേഷമാണ് വഖഫ് ഭേദഗതി നിയമം പാസാക്കിയതെന്നും കേന്ദ്രം വാദിച്ചു.

വഖഫ് നിയമഭേദഗതി ചോദ്യം ചെയ്തുള്ള ഒരുകൂട്ടം ഹരജികളില്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മാസി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വാദം കേൾക്കുന്നത്. വഖഫ് നിയമഭേദഗതി സ്റ്റേ ചെയ്യണമെന്നാണ് ഹരജിക്കാരുടെ വാദം. ഇതിന് പുറമേ നിയമഭേദഗതി ഇസ്‌ലാമിക തത്വങ്ങള്‍ക്കും ഭരണഘടനയ്ക്കും എതിരാണെന്നും ഹരജിക്കാർ വാദിക്കുന്നു. അഞ്ച് ഹരജികളിലും വാദം പൂര്‍ത്തിയായാല്‍ നിയമം സ്റ്റേ ചെയ്യണോ എന്നതില്‍ സുപ്രീംകോടതി തീരുമാനമെടുക്കും.

നിലവിലുള്ള വഖഫ് സ്വത്തുക്കൾക്ക് ഒരു മാറ്റവും വരുത്തരുതെന്നാണ് വഖഫ് ഭേദഗതി നിയമത്തെ ചോദ്യംചെയ്തുള്ള ഹരജികളിൽ ഏപ്രിൽ 17ലെ ഇടക്കാല വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നത്. വഖഫ് ഭേദഗതി നിയമം നിയമം സ്റ്റേ ചെയ്തില്ലെങ്കിലും നിയമത്തിലെ സു​പ്ര​ധാ​ന വ്യ​വ​സ്ഥ​ക​ൾ മ​ര​വി​പ്പി​ച്ചിരുന്നു.