8,900 കോടി രൂപയുടെ ‘വിഴിഞ്ഞം ഇന്റർനാഷണൽ ഡീപ്പ് വാട്ടർ മൾട്ടിപർപ്പസ് സീപോർട്ട്’ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. രാജ്ഭവനിൽ നിന്നും പാങ്ങോട് സൈനിക കേന്ദ്രത്തിലെത്തിയ പ്രധാനമന്ത്രി ഹെലികോപ്റ്റർ മാർഗം വിഴിഞ്ഞത്തെത്തിയത്.

 വിഴിഞ്ഞം തുറമുഖം രാജ്യത്തിൻ്റെ മഹാകവാടമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അനന്തപത്മനാഭൻ്റെ മണ്ണിലേക്ക് വന്നതിൽ സന്തോഷമെന്ന് പറഞ്ഞ പ്രധാനമന്ത്രി മലയാളത്തിലാണ് പ്രസംഗം തുടങ്ങിയത്. രാജ്യത്തിൻ്റെ പണം ഇനി പുറത്തേക്ക് ഒഴുകില്ലെന്നും രാജ്യത്തിനും കേരളത്തിനും സാമ്പത്തിക സ്ഥിരത നൽകാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഇത്രയും വലിയ തുറമുഖം നിർമ്മിച്ച അദാനിയെയും അദ്ദേഹം പ്രശംസിച്ചു. ഗുജറാത്തിനേക്കാൾ വലിയ തുറമുഖമാണ് കേരളത്തിൽ അദാനി നിർമ്മിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെയും ശശി തരൂരിനെയും പരാമർശിച്ച പ്രധാനമന്ത്രി രാഹുൽ ഗാന്ധിക്ക് നേരെ ഒളിയമ്പെയ്തും സംസാരിച്ചു. ഇന്നത്തെ ഈ ചടങ്ങ് ഇന്ത്യാ സഖ്യത്തിലെ പലരുടേയും ഉറക്കം കെടുത്തുന്നതാണെന്നും പറഞ്ഞു. കൂടുതൽ സ്വകാര്യ പങ്കാളിത്തം പ്രതീക്ഷിക്കുന്നുവെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ്റെ പ്രസംഗത്തെയും പ്രധാനമന്ത്രി പരാമർശിച്ചു. ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിയിൽ നിന്നും ഇത് കേട്ടതിൽ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു. പൊന്നാനി, പുതിയാപ്പ ഹാർബറുകൾ ആധുനിക വത്കരിക്കുന്നതിനുള്ള കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.