കുടിയേറ്റ ഇതരവിസകള്‍ക്ക് പുതിയ വിസ ഇന്റഗ്രിറ്റി ഫീസ് അവതരിപ്പിച്ച് അമേരിക്ക. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതുതായി കൊണ്ടുവന്ന ‘ബിഗ് ബ്യൂട്ടിഫ്യുള്‍ ബില്ലി’ലാണ് മിക്ക കുടിയേറ്റ ഇതര വിസകള്‍ക്കും 250 ഡോളറിന്റെ(ഏകദേശം 21,400 രൂപ) വിസ ഇന്റഗ്രിറ്റി ഫീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടൂറിസ്റ്റ്, സ്റ്റുഡന്റ് വിസകളിലടക്കം യുഎസിലേക്ക് പോകുന്നവര്‍ക്ക് പുതിയ ഫീസ് ബാധകമായിരിക്കും.
വിസ ചാര്‍ജുകള്‍ക്ക് പുറമേയാണ് പുതിയ ഫീസും ഏര്‍പ്പെടുത്തുന്നത്. വിസ അനുവദിക്കുന്ന സമയത്ത് നിര്‍ബന്ധമായും ഇത് നല്‍കണം. ഉപഭോക്തൃ വില സൂചിക കണക്കാക്കിയുള്ള പണപ്പെരുത്തെ അടിസ്ഥാനമാക്കി ഓരോവര്‍ഷവും ഫീസില്‍ മാറ്റംവരുത്തുമെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. അതേസമയം 2026 മുതലാകും ഇത് പ്രാബല്യത്തില്‍വരികയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
നിലവില്‍ സാധാരണ യുഎസ് ടൂറിസ്റ്റ് വിസയ്ക്ക് ഇന്ത്യയില്‍ നിന്ന് അപേക്ഷകര്‍ക്ക് ഏകദേശം 16,000 രൂപയാണ് ഫീസ്. എന്നാല്‍ പുതിയ ഫീസ് കൂടി ഈടാക്കുന്നതോടെ ഇത് 40,000 രൂപയോളമാകും. ബി-1, ബി-2 (ടൂറിസ്റ്റ്, ബിസിനസ് വിസ) എഫ്, എം(സ്റ്റുഡന്റ് വിസ) എച്ച്-1 ബി(വര്‍ക്ക് വിസ) ജെ(എക്സ്ചേഞ്ച് വിസിറ്റര്‍ വിസ) തുടങ്ങിയ മിക്ക കുടിയേറ്റ ഇതര വിസകള്‍ക്കും പുതിയ ഫീസ് ബാധകമാണ്. അതിനാല്‍തന്നെ ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍, ഐടി പ്രൊഫഷണലുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിസയ്ക്കായി ഉയര്‍ന്ന തുക നല്‍കേണ്ടിവരും.