ഫോണിൽ സംസാരിച്ച് കൊണ്ടുള്ള യാത്രകൾ പലപ്പോഴും വലിയ അപകടങ്ങൾക്ക് കാരണമാവുന്നു. ഫോണില്‍ സംസാരിച്ച് കൊണ്ട് വാഹനമോടിക്കല്‍, റോഡിലൂടെ ഫോണില്‍ സംസാരിച്ച് നടക്കുന്നത്… എന്തിന് റെയില്‍ പാളത്തിലൂടെയുള്ള ഫോണ്‍ ഉപയോഗം പോലും വലിയ അപകടങ്ങൾക്ക് കാരണമാകുന്നതായി നമ്മൾ നിരന്തരം വാര്‍ത്തകളിലൂടെ കേൾക്കാറുണ്ട്. വാര്‍ത്തകൾ നമ്മുക്ക് മുന്നിലൂടെ നിരന്തരം കടന്ന് പോയാലും പലപ്പോഴും അശ്രദ്ധരായാണ് നമ്മുടെ നടപ്പ്. സമാനമായ ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഹരിയാനയിലെ ഫരീദാബാദിലെ ഒരു തെരുവിൽ നിന്നുള്ള സിസിടിവി വീഡിയോയായിരുന്നു അത്. 

സിസിടിവി വീഡിയോയില്‍  വിശാലമായ ഫുഡ്പാത്തിന് നടുക്ക് ഒരു പരസ്യബോര്‍ഡിന് താഴെയായി ഒരു മാന്‍ഹോൾ കാണാം. ഇതിനിടെ ഒരു യുവതി പരസ്യബോര്‍ഡിന് മുന്നിലൂടെ ഫോണില്‍ സംസാരിച്ച് ഒക്കത്ത് ഒരു കൈകുഞ്ഞുമായി നടന്ന് വരുന്നത് കാണാം. ഫോണ്‍ സംസാരത്തില്‍ മുഴുകിയ യുവതി മുന്നിലെ പരസ്യ ബോര്‍ഡ് കടന്ന് വന്ന് പെട്ടെന്ന്, ഏവരെയും ഞെട്ടിച്ച് കൊണ്ട് താഴെയുള്ള മാന്‍ഹോളിലേക്ക് കുഞ്ഞുമായി വീഴുന്നു. പിന്നാലെ സമീപത്തെ കടകളില്‍ നിന്ന് ആളുകൾ ഓടിക്കൂടുന്നതും ചിലര്‍ മാന്‍ഹോളിലേക്ക് ഇറങ്ങുന്നതും വീഡിയോയില്‍ കാണാം. 

എന്നാല്‍, വീഡിയോ യഥാര്‍ത്ഥത്തില്‍ അടുത്ത കാലത്തെതല്ല. 2021 ഓക്ടോബർ 15 -ാം തിയതിയാണ് വീഡിയോ ആദ്യമായി സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. ഫരീദാബാദിലെ ജവഹർ കോളനിയിൽ നടന്ന സംഭവത്തില്‍ അമ്മയെയും കുഞ്ഞിനെയും മിനിറ്റുകള്‍ക്കുള്ളില്‍ രക്ഷപ്പെടുത്തിയെന്നും  ഇരുവരും കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടെന്നും വീഡിയോ പങ്കുവച്ച് കൊണ്ട് ഡോ.ലീന ദന്‍ഖർ അന്ന് എക്സില്‍ എഴുതിയിരുന്നു. ഫോണ്‍ വിളിച്ച് കൊണ്ടുള്ള യാത്രയുടെ അപകടത്തെ കുറിച്ച് സൂചിപ്പിക്കാനോ മറ്റോ ആരോ സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വീണ്ടും പങ്കുവച്ചപ്പോൾ, കാഴ്ചക്കാര്‍ അശ്രദ്ധമായ ഫോണ്‍ ഉപയോഗത്തെ കുറിച്ച് കുറിപ്പുകളെഴുതി. ഇതോടെ വീഡിയോ വീണ്ടും വൈറലാവുകയായിരുന്നു.