കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി എത്തിയ മധ്യപ്രദേശ് പോലീസ് കൊച്ചിയില്‍ തുടരുന്നു. വ്യാഴാഴ്ച പോലീസ് പല സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായിരുന്നില്ല.

മഹേശ്വര്‍ സിഐ ഗണ്‍പത് കനയാലും ഒരു വനിതാ എസ്‌ഐയും ഉള്‍പ്പെടെ അഞ്ചു ഉദ്യോഗസ്ഥരാണ് തൃക്കാക്കര പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയില്‍ മധ്യപ്രദേശ് പോലീസ് തട്ടിക്കൊണ്ടുപോകലിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പോക്‌സോ കേസും ഫര്‍മാനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പെണ്‍കുട്ടിയും ഫര്‍മാനും കൊച്ചിയിലുണ്ട് എന്ന വിവരത്തെ തുടര്‍ന്നാണ് മധ്യപ്രദേശ് പോലീസ് കൊച്ചിയില്‍ എത്തിയത്. കസ്റ്റഡിയിലെടുക്കേണ്ട സാഹചര്യമില്ലെന്നും പെൺകുട്ടിയിൽ നിന്ന് മൊഴിയെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മധ്യപ്രദേശ് പോലീസ് അറിയിച്ചു. ഫര്‍മാനെ മേയ് 20 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഫര്‍മാന്‍ ഖാന്‍റെ സുഹൃത്തിനെ ചോദ്യം ചെയ്യാനായി മധ്യപ്രദേശ് പോലീസ് ശ്രമിച്ചെങ്കിലും സുഹൃത്ത് പോലീസിന് മുന്നില്‍ ഹാജരായില്ല. മാര്‍ച്ച് 11ന് ആയിരുന്നു തിരുവനന്തപുരം പൂവാര്‍ ക്ഷേത്രത്തില്‍ വച്ച് പെണ്‍കുട്ടിയും ഫര്‍മാനുമായുള്ള വിവാഹം നടന്നത്. പെണ്‍കുട്ടിയുടെ പ്രായം 18 ആണെന്ന വാദത്തിലാണ് കേരള പോലീസ്.

ഇതിനിടെ, തന്നെ മധ്യപ്രദേശിലേക്ക് കൊണ്ടു പോകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പോലീസ് സംരക്ഷണം തേടി പെണ്‍കുട്ടി മുഖ്യമന്ത്രിക്കും കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയിരുന്നു.