കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിൻ്റെയും മൃതദേഹങ്ങൾ നാട്ടിൽ റീപോസ്റ്റ്മോർട്ടം നടത്താനുള്ള നീക്കവുമായി കുടുംബം. സ്ത്രീധന പീഡനത്തിനും മർദ്ദനത്തിനും വ്യക്തമായ തെളിവുകൾ ഉണ്ടെന്ന് അഭിഭാഷകനായ മനോജ് കുമാർ പള്ളിമണ്‍ പറഞ്ഞു. വിപഞ്ചികയുടെ ഫേസ്ബുക്ക് പോസ്റ്റ് അപ്രത്യക്ഷമായതിലും മൊബൈൽ ഫോണും ലാപ്ടോപ്പും നഷ്ടമായതിലും ദുരൂഹതയുണ്ടെന്നാണ് ആരോപണം.
ഷാര്‍ജയിലെ വീട്ടില്‍ കൊല്ലം കേരളപുരം സ്വദേശിയായ വിപഞ്ചികയെയും ഒന്നര വയസുള്ള മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുടുംബം നിയമപോരാട്ടം തുടരുകയാണ്. നാട്ടില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. വിവാഹം കഴിഞ്ഞ നാള്‍മുതല്‍ ഭര്‍ത്താവ് നിതീഷില്‍ നിന്നും വിപഞ്ചിക പീഡനം നേരിട്ടിരുന്നതായി ആരോപണമുണ്ട്. അതിനാല്‍ ഷാർജയിൽ നടന്ന കുറ്റകൃത്യം നാട്ടിൽ നടന്നതിന്റെ തുടര്‍ച്ചയായി കണ്ട് ഇവിടെ അന്വേഷണം നടത്താന്‍ കഴിയുമെന്ന് വിപഞ്ചികയുടെ കുംടുംബത്തിന്റെ അഭിഭാഷകന് പറയുന്നു. ഷാര്‍ജയിലെ പരിശോധനകളില്‍ വിശ്വാസമില്ലെന്നും നാട്ടില്‍ എത്തിക്കുന്ന മതദേഹങ്ങള്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ശ്രമിക്കുമെന്നും അഡ്വ.മനോജ് കുമാര്‍ വ്യക്തമാക്കി.
ഭർത്താവിനും കുടുംബത്തിനും എതിരെ വിപഞ്ചിക ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് അപ്രത്യക്ഷമായതിൽ ദുരൂഹതയുണ്ടെന്നും പരാതിയുണ്ട്. വിപഞ്ചിക ഉപയോഗിച്ചിരുന്ന ഫോണും ലാപ്ടോപ്പും കാണാതായതും അന്വേഷിക്കണം. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ഒരേ കയറിന്റെ രണ്ടറ്റത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തി അമ്മ അത്മത്യ ചെയ്തതാണെന്ന വാദത്തെ വിപഞ്ചികയുടെ കുടുംബം തള്ളിയിരുന്നു. നിതീഷിന്റെ അച്ഛന്റെയും സഹോദരിയുടെയും പങ്ക് അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.