ന്യൂഡൽഹി: ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഒളിമ്പിക്സിൽ നിന്ന് അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് കൂടുതൽ ആരോപണങ്ങളുമായി രംഗത്ത്. ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയും (ഡബ്ല്യു.എഫ്.ഐ) പ്രസിഡന്റ് സഞ്ജയ് സിങ്ങും ഗെയിംസ് വില്ലേജിലെത്തി തന്റെ കാര്യത്തിൽ അനാവശ്യ ഇടപെടൽ നടത്തുന്നുവെന്നാണ് വിനേഷ് വ്യാഴാഴ്ച ഡൽഹി ഹൈക്കോടതിയെ അറിയിച്ചത്.

ഗുസ്തി ഫെഡറേഷന്റെ തിരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റിയെ 2023 ഡിസംബറിൽ കേന്ദ്ര കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തിട്ടും ഇത്തരം ഇടപെടൽ ആവർത്തിക്കുകയാണെന്ന് വിനേഷ് ഫോഗട്ടിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാഹുൽ മെഹ്റ ചൂണ്ടിക്കാട്ടി.

2023 ഡിസംബറിൽ നടന്ന ഗുസ്തി ഫെഡറേഷന്റെ പുതിയ തിരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെന്നും കായിക ചട്ടങ്ങൾ പാലിക്കാത്തതിനാൽ ഇത് മാറ്റിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് ഗുസ്തി താരങ്ങളായ ബജ്രംഗ് പുണിയ, വിനേഷ് ഫോഗട്ട് എന്നിവരടക്കമുള്ള താരങ്ങൾ ഈ വർഷം ആദ്യം ഡൽഹി ഹൈക്കോടതിയിൽ ഒരു റിട്ട് ഹർജി നൽകിയിരുന്നു. കൂടാതെ, ഫെഡറേഷന്റെ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു അപേക്ഷയും നൽകിയിരുന്നു. ഇക്കാര്യത്തിൽ മേയ് 24-ന് വിധി പറയാൻ മാറ്റി വച്ചിരുന്നുവെങ്കിലും ഇതുവരെ വിധി പറഞ്ഞിട്ടില്ല.

വ്യാഴാഴ്ച, ഫോഗട്ട് ഉൾപ്പെടെയുള്ള ഹർജിക്കാർ, അവരുടെ അഭിഭാഷകൻ മുഖേന, വിധി പ്രസ്താവിക്കുന്നതിനുള്ള തീയതി നിശ്ചയിക്കണമെന്ന് ജസ്റ്റിസ് സച്ചിൻ ദത്തയുടെ കോടതിയിൽ അഭ്യർഥിച്ചു. രാജ്യത്തിന് ഇപ്പോൾ ഉറപ്പായിരുന്ന ഒരു മെഡൽ നഷ്ടപ്പെട്ടുവെന്ന് രാഹുൽ മെഹ്റ കോടതിയെ അറിയിച്ചു.

അതേസമയം താരങ്ങളുടെ റിട്ട് ഹർജിയുടെ വാദം വ്യാഴാഴ്ച ജസ്റ്റിസ് പുരുഷൈന്ദ്ര കൗരവിന്റെ കോടതിയിലായിരുന്നു. ഈ വാദത്തിനിടെയാണ് രാഹുൽ മെഹ്റ, പാരീസിലെ ഗെയിംസ് വില്ലേജിൽ ഗുസ്തി ഫെഡറേഷനും പ്രസിഡന്റ് സഞ്ജയ് സിങ്ങും വിനേഷിന്റേതടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിൽ അനാവശ്യ ഇടപെടൽ നടത്തുന്നുവെന്ന് കോടിതിയെ അറിയിച്ചത്.