പാലക്കാട്: വാളയാർ കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എം ജെ സോജന് ഐപിഎസ് നൽകാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധവുമായി പെൺകുട്ടികളുടെ അമ്മ. സോജന് ഐപിഎസ് ഗ്രേഡ് ലഭിക്കുന്നതിനുള്ള സമഗ്രതാ സർട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കാനാവില്ലെന്ന ആഭ്യന്തര വകുപ്പിൻറെ വിശദീകരണത്തിന് പിന്നാലെയാണ് പ്രതികരണം.

തന്റെ മക്കളെ സോജൻ അപകീർത്തിപ്പെടുത്തിയതിൻ്റെ തെളിവുകൾ സർക്കാരിന് നൽകിയതാണ്. സർക്കാർ വേട്ടക്കാര്‍ക്കൊപ്പമാണെന്നതിൻ്റെ തെളിവാണ് സോജന് ഐപിഎസ് നൽകാനുള്ള തീരുമാന‌മെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു. കോടതി വിധി വരും മുമ്പേ സർക്കാർ തിരക്കിട്ട് നടത്തുന്ന നീക്കം കോടതിയെയും ഇരയാക്കപ്പെട്ടവരെയും വെല്ലുവിളിക്കുന്നതാണെന്നും പെൺകുട്ടികളുടെ അമ്മ റിപ്പോർട്ടറിനോട് വ്യക്തമാക്കി.