ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിലൂടെ അമേരിക്കൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾ പ്രവേശിച്ചു. ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് അമേരിക്കൻ കപ്പലുകൾ ഇത്രയും ശക്തമായ നിലയിൽ ഈ മേഖലയിലേക്ക് എത്തുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ കർശന നിർദ്ദേശത്തെത്തുടർന്നാണ് നാവികസേനയുടെ ഈ നിർണ്ണായക നീക്കം.
ഹോർമുസ് കടലിടുക്കിലെ ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചതായി ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാന്റെ മൈൻ വിന്യാസ കപ്പലുകൾ പലതും തകർത്തതായും അദ്ദേഹം വ്യക്തമാക്കി. സമാധാന ചർച്ചകൾ പാകിസ്ഥാനിൽ പുരോഗമിക്കുന്നതിനിടെയാണ് അമേരിക്കയുടെ ഭാഗത്തുനിന്ന് ഇത്തരം ഒരു നീക്കം ഉണ്ടായിരിക്കുന്നത്.
അമേരിക്കൻ യുദ്ധക്കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്ന വിവരം അന്താരാഷ്ട്ര മാധ്യമങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്റെ അനുവാദമില്ലാതെയാണ് യുദ്ധക്കപ്പലുകൾ ഈ മേഖലയിൽ പ്രവേശിച്ചതെന്നാണ് സൂചന. ഇതോടെ മേഖലയിൽ വീണ്ടും സംഘർഷ സാധ്യത വർദ്ധിച്ചിരിക്കുകയാണ്. അമേരിക്കൻ നീക്കത്തിനെതിരെ ഇറാൻ കടുത്ത ഭാഷയിൽ പ്രതികരിച്ചിട്ടുണ്ട്. കപ്പലുകൾക്ക് മുന്നറിയിപ്പ് നൽകിയതായും പിന്മാറാൻ ആവശ്യപ്പെട്ടതായും ഇറാൻ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ സമുദ്രപാതയിൽ പൂർണ്ണ സ്വാതന്ത്ര്യം വേണമെന്ന നിലപാടിലാണ് ഡോണാൾഡ് ട്രംപ്.
സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാന് നേരെ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഊർജ്ജ വിപണിയെ ബാധിക്കുന്ന തരത്തിൽ പാതകൾ തടയാൻ അനുവദിക്കില്ലെന്നാണ് ട്രംപിന്റെ നിലപാട്. ഇറാന്റെ ആണവ പദ്ധതികൾ അവസാനിപ്പിക്കുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി.



