യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പലപ്പോഴും വിജയം ആസന്നമാണെന്നും അമേരിക്ക ലക്ഷ്യങ്ങൾ കൈവരിച്ചുവെന്നും അവകാശപ്പെടുന്നുണ്ടെങ്കിലും, ചർച്ചകളെക്കുറിച്ചുള്ള പ്രസ്താവനകളെ ഇറാൻ തള്ളിക്കളയുകയാണ്. വരും ദിവസങ്ങളിൽ പശ്ചിമേഷ്യയിലേക്ക് കുറഞ്ഞത് 10,000 അധിക സൈനികരെ അയക്കുന്ന കാര്യം വൈറ്റ് ഹൗസും പെന്റഗണും പരിഗണിക്കുന്നതായി പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട് ചെയ്തിരുന്നു.
നിരവധി യുദ്ധവിമാന സ്ക്വാഡ്രണുകളും ആയിരക്കണക്കിന് സൈനികരും ഉൾപ്പെടെ കൂടുതൽ സൈനികർ വരും ദിവസങ്ങളിലും ആഴ്ചകളിലും മേഖലയിൽ എത്തുമെന്നാണ് സൂചന. അതേസമയം, അമേരിക്കൻ സൈനികർ ഗ്രൗണ്ടിൽ ഇറങ്ങുന്നതിനായി ഇറാനിയൻ സൈന്യം കാത്തിരിക്കുകയാണെന്നും അങ്ങനെ അവർക്കു നേരെ തീമഴ പെയ്യിക്കാൻ കഴിയുമെന്നുമാണ് ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിന്റെ പ്രതികരണം.
ഇറാനെ പ്രതിരോധിക്കാൻ യുഎസ് പരിഗണിക്കുന്ന പ്രധാന നീക്കങ്ങളിൽ സുപ്രധാനം ഖാർഗ് ദ്വീപ് ആക്രമിക്കുകയോ ഉപരോധിക്കുകയോ ചെയ്യുക എന്നതാണ്. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമാണ് ഖാർഗ് ദ്വീപ്. പേർഷ്യൻ ഗൾഫിനുള്ളിൽ ഇറാന്റെ തീരത്തുനിന്ന് 50 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന 8 കിലോമീറ്റർ നീളമുള്ള ഈ പാറക്കെട്ടുകൾ നിറഞ്ഞ ദ്വീപ് തന്ത്രപ്രധാനമാണ്.
മാർച്ച് 13-ന് യുഎസ് ഇവിടെയുള്ള സൈനിക ലക്ഷ്യങ്ങളെ ആക്രമിച്ചിരുന്നെങ്കിലും എണ്ണ സംഭരണികളെ ഒഴിവാക്കിയിരുന്നു. ഖാർഗ് ദ്വീപിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചാൽ അമേരിക്കൻ സൈനികർ നേരിട്ട് യുദ്ധമുഖത്തേക്ക് വരേണ്ടി വരും. ഇറാന്റെ വരുമാന സ്രോതസ്സ് തടയാൻ ഈ ദ്വീപിന്റെ നിയന്ത്രണം യുഎസിന് മുൻതൂക്കം നൽകുമെങ്കിലും, നീണ്ടുനിൽക്കുന്ന പോരാട്ടം ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തെ കൂടുതൽ അപകടത്തിലാക്കും.
ഹോർമുസ് കടലിടുക്കിന്റെ കിഴക്കൻ ഭാഗത്തായി ഇറാനിയൻ എണ്ണ കയറ്റുമതി ചെയ്യുന്ന കപ്പലുകൾ തടയുകയോ പിടിച്ചെടുക്കുകയോ ചെയ്യുക എന്നതാണ് യുഎസിനു മുന്നിലുള്ള മറ്റൊരു നീക്കം. ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതിലെ അപകടസാധ്യതകൾ കണക്കിലെടുത്ത്, ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇറാന്റെ എണ്ണക്കപ്പലുകൾ തടയുന്നതും അവരുടെ സാമ്പത്തിക മാർഗങ്ങൾ മുറിക്കുന്നതും യുഎസ് പരിഗണിക്കുന്നുണ്ട്. വർഷങ്ങളായി തുടരുന്ന പാശ്ചാത്യ ഉപരോധങ്ങൾക്കിടയിലും എണ്ണ വിൽക്കുന്ന ഇറാന് ഇത് വലിയ തിരിച്ചടിയാകും. എന്നാൽ ഈ നീക്കവും സങ്കീർണ്ണമാണ്.
ഹോർമൂസ് കടലിടുക്കിന്റെ പടിഞ്ഞാറൻ പ്രവേശന കവാടത്തിലുള്ള അബു മൂസ, ഗ്രേറ്റർ ടൺബ്സ്, ലെസ്സർ ടൺബ്സ് എന്നീ തന്ത്രപ്രധാന ദ്വീപുകൾ പിടിച്ചെടുക്കുക എന്നതാണ് യുഎസിനു മുന്നിലെ മറ്റൊരു വഴി. നിലവിൽ ഇറാന്റെ നിയന്ത്രണത്തിലാണെങ്കിലും യുഎഇ ഈ ദ്വീപുകളിൽ അവകാശവാദം ഉന്നയിക്കുന്നുണ്ട്. യുഎഇയുടെ പിന്തുണയോടെ ഇറാനിയൻ ദ്വീപുകളിലൊന്ന് പിടിച്ചെടുക്കാൻ ശത്രുക്കൾ ശ്രമിക്കുന്നതായി ഇറാന്റെ പാർലമെന്റ് സ്പീക്കർ ഖാലിബാഫ് അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരമൊരു നീക്കമുണ്ടായാൽ മേഖലയിലെ രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വെച്ച് കനത്ത ആക്രമണം നടത്തുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി.
അതേസമയം, അമേരിക്കയെ നേരിട്ട് ബാധിക്കാത്ത ഈ യുദ്ധത്തിൽ ട്രംപിന്റെ നടപടികൾക്ക് പൊതുജനങ്ങളിൽ നിന്ന് വലിയ പിന്തുണ ലഭിക്കുന്നില്ലെന്ന് സർവ്വേകൾ സൂചിപ്പിക്കുന്നു. അറ്റ്ലാന്റിക് കൗൺസിലിലെ തിങ്ക് ടാങ്കുമായി ബന്ധപ്പെട്ട ദേശീയ സുരക്ഷാ വിശകലന വിദഗ്ധനായ അലക്സ് പ്ലിറ്റ്സാസ് പറയുന്നത്, ഇറാഖ് യുദ്ധത്തിലെ തിരിച്ചടികൾ ഓർക്കുന്ന ട്രംപ് ഒരു പൂർണ്ണമായ കരയുദ്ധത്തിന് മുതിരില്ല എന്നാണ്. ഇറാൻ വളരെ വലിയ ഭൂപ്രദേശവും ഭൂപ്രകൃതിയുള്ള രാജ്യവുമായതിനാൽ അത് കീഴടക്കാൻ ലക്ഷക്കണക്കിന് സൈനികർ വേണ്ടിവരും. അതിനാൽ പ്രത്യേക ദൗത്യങ്ങൾക്കായി സ്പെഷ്യൽ ഫോഴ്സിനെ മാത്രമാകും ഉപയോഗിക്കാൻ സാധ്യത.
കൂടുതൽ സൈനികരെ അയക്കാനുള്ള നീക്കം കാണിക്കുന്നത് ട്രംപിന്റെ മുൻപത്തെ വിജയ അവകാശവാദങ്ങൾ വെറും വാക്കുകൾ മാത്രമായിരുന്നു എന്നാണ്. യുദ്ധം കടുപ്പിച്ച് വേഗത്തിൽ അവസാനിപ്പിക്കണോ അതോ ചർച്ചകളിലൂടെ പരിഹരിക്കണോ എന്ന കാര്യത്തിൽ ട്രംപ് ഇപ്പോഴും ആശയക്കുഴപ്പത്തിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാൻ ആണവായുധ പരിപാടി ഉപേക്ഷിക്കണം എന്നതടക്കമുള്ള 15 നിർദ്ദേശങ്ങളടങ്ങിയ സമാധാന കരാർ യുഎസ് മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും തർക്കം തുടരുകയാണ്.



