തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എഎഫ്ഡിയെ തീവ്രവാദ ഗ്രൂപ്പായി പ്രഖ്യാപിച്ച ജര്‍മനിയുടെ അപലപിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഈ നീക്കം ‘വേഷംമാറിയ സ്വേച്ഛാധിപത്യ’ത്തിന്റെ പ്രകടനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

ജര്‍മ്മനിയുടെ ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗം, എഎഫ്ഡിയെ തീവ്രവാദ ഗ്രൂപ്പായി പ്രഖ്യാപിച്ചുകൊണ്ട്, പാര്‍ട്ടിയെ നിരീക്ഷിക്കാന്‍ അധികാരികള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി. ‘ജര്‍മ്മനി തങ്ങളുടെ ചാര ഏജന്‍സിക്ക് പ്രതിപക്ഷത്തെ നിരീക്ഷിക്കാന്‍ പുതിയ അധികാരങ്ങള്‍ നല്‍കി. അത് ജനാധിപത്യമല്ല, വേഷംമാറിയ സ്വേച്ഛാധിപത്യമാണ്.’ ജര്‍മനി നടപടി തിരുത്തണമെന്നും റൂബിയോ ആവശ്യപ്പെട്ടു. 

ഫെബ്രുവരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എഎഫ്ഡി പാര്‍ട്ടി ജര്‍മനിയില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ വോട്ട് 20 ശതമാനത്തിലധികം വര്‍ധിക്കുകയും ചെയ്തു. ജനപ്രിയ പാര്‍ട്ടിയായ എഎഫ്ഡിയല്ല തീവ്രവാദമെന്നും മറിച്ച് എഎഫ്ഡി എതിര്‍ക്കുന്ന ജര്‍മന്‍ സര്‍ക്കാരിന്റെ മാരകമായ കുടിയേറ്റ നയങ്ങളാണെന്നും റൂബിയോ പറഞ്ഞു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം ജര്‍മ്മന്‍ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ മുന്‍പും ശ്രമിച്ചിരുന്നു. ഫെബ്രുവരിയില്‍ മ്യൂണിക്കില്‍ നടത്തിയ പ്രസംഗത്തില്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ജര്‍മ്മനിയെ പരാമര്‍ശിച്ചുകൊണ്ട് യൂറോപ്പില്‍ അഭിപ്രായ സ്വാതന്ത്ര്യം വഴുതിവീഴുകയാണെന്ന് ആശങ്കപ്പെട്ടിരുന്നു. എഎഫ്ഡിക്കെതിരായി അദ്ദേഹവും നിലപാട് വ്യക്തമാക്കിയിരുന്നു.