മോസ്കോ: യുഎസിന് കടുത്ത മുന്നറിയിപ്പുമായി റഷ്യ. ഉക്രെയ്നെ റഷ്യൻ പ്രദേശങ്ങൾക്കുള്ളിൽ ആക്രമിക്കാൻ പിന്തുണയ്ക്കുന്നത് തീക്കളിയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് മോസ്കോയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത് മൂന്നാംലോക യുദ്ധം ക്ഷണിച്ചുവരുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അങ്ങനെ സംഭവിച്ചാൽ മൂന്നാം ലോകമഹായുദ്ധം യൂറോപ്പിൽ മാത്രം ഒതുങ്ങില്ലെന്നും ലാവ്‌റോവ് പറഞ്ഞു. റഷ്യൻ പ്രദേശങ്ങളിൽ കൂടുതൽ ആക്രമണം നടത്താൻ പാശ്ചാത്യരാജ്യങ്ങൾ  നൽകുന്ന ആയുധങ്ങൾ ഉപയോഗിക്കാൻ ഉക്രെയ്നെ അനുവദിക്കണമെന്ന ആഹ്വാനത്തിനിടയിലാണ് ലാവ്‌റോവിൻ്റെ പരാമർശം.

നിലവിൽ  ഉക്രെയിനിന് അമേരിക്കയും യൂറോപ്യൻ പങ്കാളികളും നൽകുന്ന മിസൈലുകൾ പ്രതിരോധപരമായും റഷ്യയുടെ അതിർത്തി പ്രദേശങ്ങളിലും വളരെ പരിമിതമായ രീതിയിൽ ഉപയോഗിക്കാൻ അനുവാദമുണ്ട്. ഉക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി, റഷ്യ ഉക്രെയ്‌നിനുള്ളിലെ പ്രത്യാക്രമണം തുടരുന്നതിനാൽ റഷ്യയ്‌ക്കുള്ളിൽ ആഴത്തിൽ ആക്രമണം നടത്താൻ അനുമതി നൽകണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.

ഉക്രൈൻ സംഘർഷം തുടരുന്നതിനിടെ ഇതാദ്യമായല്ല റഷ്യ ആണവ ഭീഷണി ഉയർത്തുന്നത്. റഷ്യ ഒരിക്കലും ആണവായുധങ്ങൾ ഉപയോഗിക്കില്ലെന്ന് കരുതുന്നത് തെറ്റാണെന്ന് ജൂൺ മാസത്തിൽ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞിരുന്നു.  പാശ്ചാത്യരുടെ സഹായത്തോടെ തങ്ങളുടെ മണ്ണിൽ നടക്കുന്ന ഏത് ആക്രമണത്തിനും മറുപടി നൽകാൻ റഷ്യ ആണവായുധങ്ങൾ വിന്യസിക്കുന്നത് പരിശീലിക്കുന്നുണ്ടെന്ന് റഷ്യയുടെ ഉന്നത നേതാവ് ദിമിത്രി മെദ്‌വദേവും  പരസ്യമായി പറഞ്ഞിരുന്നു.