ന്യൂഡൽഹി: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിൽ പ്രതികളായിരുന്ന പോലീസുകാരെ വെറുതെ വിട്ടതിനെതിരെ സിബിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി. നാലുപോലീസുകാരെ വെറുതെ വിട്ട ഉത്തരവ് റദ്ദാക്കണമെന്നാണ് സിബിഐയുടെ ആവശ്യം.
സിബിഐയുടെ അപ്പീലിൽ പ്രതികളായ പോലീസുകാർക്ക് സുപ്രീംകോടതി നോട്ടീസയച്ചു. കേസിലെ ഒന്നാം പ്രതിയായ കെ.ജിതകുമാർ, നാല് മുതൽ ആറ് വരെ പ്രതികളായ ടി. അജിത് കുമാർ, ഇ.കെ.സാബു, ടി.കെ.ഹരിദാസ് എന്നിവരെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.
ഉദയകുമാറിന്റെ മരണത്തിന് കാരണമായത് ക്രൂരമായ കസ്റ്റഡി പീഡനമാണെന്ന് സിബിഐക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സുപ്രീംകോടതിയിൽ വ്യക്തമാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇരുമ്പു പൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരിക്കുകൾ ഉദയകുമാറിന്റെ മൃതദേഹത്തിൽ ഉണ്ടായിരുന്നുവെന്നും സിബിഐയുടെ അപ്പീലിൽ പറയുന്നു.
2005 ലാണ് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ വച്ച് പോലീസുകാരുടെ മര്‍ദനത്തെ തുടര്‍ന്ന് ഉദയകുമാര്‍ മരിച്ചത്. മോഷണക്കുറ്റം ആരോപിച്ചാണ് ഉദയകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്.



