ഇന്ത്യൻ ഭരണഘടന അംഗീകരിച്ച് 75 വർഷം തികയുന്നത് പ്രമാണിച്ച് രണ്ട് ദിവസത്തെ ചർച്ചയ്ക്കായി ലോക്‌സഭ ഇന്ന് ചേരും . തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാജ്യസഭയിലും സമാനമായ ചർച്ച നടക്കും.

1949 നവംബർ 26-ന് ഭരണഘടന അംഗീകരിച്ചതുമുതൽ അതിൻ്റെ പ്രാധാന്യത്തിലും പരിണാമത്തിലും ചർച്ചയുടെ ശ്രദ്ധാകേന്ദ്രമാകും. ഭരണകക്ഷിയായ എൻ.ഡി.എ.യും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുകൾ നടക്കുന്നതിനാൽ ആഴ്ചകളോളം പാർലമെൻ്റ് നടപടികൾ സ്തംഭിച്ച അവസ്ഥയിലായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദാനി വിവാദവുമായി ബന്ധിപ്പിക്കുന്ന ആരോപണങ്ങളും കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയും കോടീശ്വരനായ ജോർജ്ജ് സോറോസുമായുള്ള ബന്ധത്തെക്കുറിച്ചുള്ള പ്രത്യാരോപണങ്ങളും മൂലമുണ്ടായ രാഷ്ട്രീയ തർക്കം നവംബർ 25 മുതൽ ഇരുസഭകളിലും അലയടിച്ചു. സഭകൾ പല തവണ നിർത്തിവച്ചു.